വനിതാ പ്രാതിനിധ്യമില്ല; സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്

വനിതാ പ്രാതിനിധ്യമില്ലാതെ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്. 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. മുസ്ലിം ലീഗിൻ്റെ കർശന നിർദേശത്തെ തുടർന്നാണ്  പുതിയ ഭാരവാഹി പട്ടികയിൽ നിന്ന് വനിതകളെ ഒഴിവാക്കിയത്. സംസ്ഥാന പ്രസിഡൻറായി മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പികെ ഫിറോസും തുടരാനാണ് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൻ്റെ തീരുമാനം. സംസ്ഥാന ഭാരവാഹിയാകുമെന്ന് കരുതിയ ടി പി അഷ്‌റഫലിയെയും വെട്ടി.

സംഘടനാതലത്തിൽ അടിമുടി മാറ്റമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ യൂത്ത് ലീഗിൽ അതുണ്ടായില്ല. നിലവിലുള്ള പ്രസിഡന്റ്‌ മുനവറലി തങ്ങളും ജനറൽസെക്രട്ടറി പി കെ ഫിറോസും തുടരും. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിൽ നേതൃതലത്തിലുള്ള തർക്കമാണ്‌ ഇവർക്ക്‌ വീണ്ടും അവസരമൊരുക്കിയത്.‌പ്രായപരിധി കഴിഞ്ഞ മുനവറലിയെ മാറ്റിയാൽ പകരക്കാരനെ കണ്ടെത്തുന്നതിലാണ്‌ ഭിന്നതയുണ്ടായത്.

ജില്ലാ ഭാരവാഹികളടക്കം നിരവധിപേരെ പ്രായത്തിന്റെ മാനദണ്ഡം പറഞ്ഞ്‌ ഒഴിവാക്കി. ഈ സാഹചര്യത്തിൽ മുനവറലിക്ക്‌ രണ്ടാംതവണ നൽകുന്നതിലും പ്രതിഷേധമുണ്ട്.യൂത്ത്‌ലീഗിൽ 20 ശതമാനം വനിതാ ഭാരവാഹികൾ എന്ന നിബന്ധന ഇക്കുറിയും നടപ്പായില്ല.

പാർട്ടി നടപടിയെടുത്ത എംഎസ്‌എഫ്‌ മുൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഫാത്തിമ തെഹ്ലിയ, ഹരിത സംസ്ഥാന ഭാരവാഹികളായിരുന്ന നജ്‌മ തബ്‌ഷീറ, മുഫീദ്‌ തെസ്‌നി എന്നിവരെ പരിഗണിക്കണമെന്ന്‌ ഒരു വിഭാഗംആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല‌. കൂടാതെ ഹരിതയുടെ ലൈംഗീകാധിക്ഷേപ പരാതിയിൽ പി കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് കത്തെഴുതിയ ടി പി അഷ്റഫലിയെയും പട്ടികയിൽനിന്നും ഒഴിവാക്കി.

ഇവരെ ഭാരവാഹിയാക്കുന്നതിനെ സാദിഖലി ശിഹാബ്‌ തങ്ങളടക്കം എതിർത്തതാണ് കാരണം. അതേ സമയം നിലവിലെ സംസ്ഥാന കൗൺസിലിൽ വനിതകളില്ലാത്തതു കൊണ്ടാണ്  ഭാരവാഹിത്വത്തിലേക്ക് വനിതകളെ പരിഗണിക്കാതിരുന്നത് എന്നതാണ് പാർട്ടിയുടെ ന്യായീകരണം.

മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് യൂത്ത്‌ലീഗിലും പുതിയ കമ്മിറ്റിയെ ചൊല്ലി പൊട്ടിത്തെറികൾക്ക് കളമൊരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here