അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ….? എണ്ണമറ്റ മാപ്പപേക്ഷകളിലൂടെ കളങ്കം ചാർത്തിയവർ എവിടെ? ജോൺ ബ്രിട്ടാസ് എം പി

അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ….? എണ്ണമറ്റ മാപ്പപേക്ഷകളിലൂടെ കളങ്കം ചാർത്തിയവർ എവിടെ? ജോൺ ബ്രിട്ടാസ് എം പി

മഹാനായ വിപ്ലവകാരിയുടെ, ഉധം സിംഗിന്റെ, അധികമാരും പറയാത്തകഥ പറയുന്ന സർദാർ ഉധം സിംഗ് എന്ന ചിത്രത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി.ഉധം സിംഗിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങൾ,ജാലിയൻവാലാബാഗ് കൂട്ടക്കൊല,തൂക്കിലേറ്റും മുമ്പുള്ള ചോദ്യം ചെയ്യലിനെയും പീഡനങ്ങളെയും ഉധം സിംഗ് നേരിടുന്നത് തുടങ്ങി ഒട്ടനവധി മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്ന,ഒരു നൂറ്റാണ്ട് പിന്നിലുള്ള ചരിത്ര ഏടുകളിലേക്ക് നമ്മുടെ മനസിനെ പറിച്ചുനടുന്ന ഈ ചിത്രത്തിലൂടെ പ്രതിബദ്ധതയുള്ള മാർക്സിസ്റ് പോരാളി നമ്മുടെ മനസിലേക്ക് മിഴി തുറക്കുന്നു എന്നാണ് ജോൺ ബ്രിട്ടാസ് എം പി കുറിച്ചിരിക്കുന്നത്.സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പുതിയ ചരിത്രനിർമിതികൾ നടക്കുന്ന കാലഘട്ടത്തിലാണ് സർദാർ ഉധമിന്റെ ധീരോദാത്തമായ എട് കൂടുതൽ പ്രസക്തമാകുന്നത്. അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ..എന്നാണ് ജോൺ ബ്രിട്ടാസ് ചോദിക്കുന്നത്.

ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ

പ്രാദേശിക സിനിമകളിലുള്ള പരീക്ഷണങ്ങൾ പോലും കണ്ടില്ലെന്ന് നടിച്ച് സ്ഥിരം ചേരുവകളുമായി മുന്നോട്ട് പോകുന്നുവെന്ന ആക്ഷേപത്തിന് ഇരയാണ് ബോളിവുഡ്. മുതൽമുടക്കിലെ വലിപ്പം, സാങ്കേതികത്വത്തിന്റെ മിഴിവ്, കാഴ്‌ചക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ബോളിവുഡിന്റെ പ്രധാന മാനദണ്ഡങ്ങൾ. ഇതിന് ഒരു അപവാധമാണ് സർദാർ ഉധം.

ധീര രക്തസാക്ഷി സർദാർ ഉധം സിംഗിന്റെ ജീവിത രേഖയിലൂടെ (ബയോപിക്) സ്വാതന്ത്ര്യ സമരത്തിന്റെ ചില ഏടുകളാണ് കോറി വരഞ്ഞിട്ടുള്ളത്. ജാലിയൻവാലാബാഗ് കൂട്ടക്കുരുതി, ഭഗത് സിംഗ്, സ്വാതന്ത്ര്യ സമര ഭൂമികയിലെ വിപ്ലവ പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് ഉധം സിംഗ് എന്ന പ്രതിബദ്ധതയുള്ള മാർക്സിസ്റ് പോരാളി നമ്മുടെ മനസിലേക്ക് മിഴി തുറക്കുന്നത്.

നെടുങ്കൻ ഡയലോഗുകളിലൂടെ അല്ല നിശബ്ദതകളിലൂടെയും കൊച്ചുകൊച്ചു വാചകങ്ങളിലൂടെയുമാണ് ഉധംസിംഗ് നമ്മുടെ മനസിലേക്ക് അരിച്ചിറങ്ങുന്നത്. ഭഗത് സിംഗിനെ കുറിച്ച് ചോദിച്ച പോലീസുകാരനോട് നിങ്ങൾ ഇരുപത്തിമൂന്നാം വയസിൽ എന്ത് ചെയ്യുകയായിരുന്നു എന്ന മറുചോദ്യം എറിഞ്ഞ് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വലിയൊരു ക്യാൻവാസ് ആണ് സൃഷ്ടിക്കുന്നത്. വെറുപ്പും വിദ്വേഷവും ഞങ്ങൾക്കാരോടുമില്ല സാമ്രാജ്യത്വത്തോടാണ് ഞങ്ങളുടെ പോരാട്ടം എന്ന് ഉധം സിംഗ് പതിഞ്ഞ വാക്കുകളിൽ പറയുമ്പോൾ ബ്രിട്ടീഷ് പോലീസിന് അതുൾക്കൊള്ളാൻ കഴിയാതിരുന്നത് സ്വാഭാവികം. ഒരു നൂറ്റാണ്ട് പിന്നിലുള്ള ചരിത്ര ഏടുകളിലേക്ക് നമ്മുടെ മനസിനെ പറിച്ചുനടുന്നതിലുള്ള മേന്മ ചിത്രത്തിന്റെ സവിശേഷത വർധിപ്പിക്കുന്നു.

ജയിൽ മോചിതനായശേഷം കാശ്മീരിലെത്തി, അവിടെനിന്നും റഷ്യയിലൂടെ ലണ്ടനിൽ എത്തി ജാലിയൻവാലാബാഗ് പ്രതികളിലൊരാളായ, അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ ആയിരുന്ന, മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ച് കൊല്ലുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അറസ്റ് ചെയ്യപ്പെട്ട് മൃഗീയചോദ്യംചെയ്യലിന് ഇരയായെങ്കിലും തനിക്ക് സഹായം ചെയ്ത ഒരാളുടെ പേരുപോലും പറയാതെ വിപ്ലവകാരിയുടെ കരളുറപ്പും നിശ്ചയദാർഢ്യവും ഉധം സിംഗ് പ്രകടിച്ചപ്പോൾ ബ്രിട്ടിഷുകാർ അമ്പരന്നു.


ഉധം സിംഗിനോട് തന്റെ പേര് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിക്ക് ഇന്നത്തെ സാഹചര്യത്തിൽ സുവർണ തിളക്കമുണ്ട്-രാം മൊഹമ്മദ് സിംഗ് ആസാദ്-ഹിന്ദു മുസ്ലിം സിക്ക് മതങ്ങളുടെ ഐക്യമാണ് അപ്പോഴും അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഉധം സിംഗിന്റെ വിചാരണ ലോകശ്രദ്ധ നേടിയ ചരിത്രമുഹൂർത്തമായിരുന്നു.
അതിലൊരു മലയാളി ടച്ചുമുണ്ട്. ഉധം സിംഗിന്റെ അഭിഭാഷകരിൽ ഒരാൾ മലയാളിയായ വി കെ കൃഷ്ണൻ മേനോൻ ആയിരുന്നു.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പുതിയ ചരിത്രനിർമിതികൾ നടക്കുന്ന കാലഘട്ടത്തിലാണ് സർദാർ ഉധമിന്റെ ധീരോദാത്തമായ എട് കൂടുതൽ പ്രസക്തമാകുന്നത്. അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ….? എണ്ണമറ്റ മാപ്പപേക്ഷകളിലൂടെ കളങ്കം ചാർത്തിയവർ എവിടെ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here