സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചെന്ന മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത വ്യാജം. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും സിപിഐഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ വാര്‍ത്തയുടെ പിന്നിലെ പിണറായി, സിപിഐഎം വിരുദ്ധതയാണ് വ്യക്തമാകുന്നത്.

പിബി റിപ്പോര്‍ട്ടിന് വിരുദ്ധമായി സാധാരണ പിബി അംഗങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ വാദിക്കാറില്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ച ശേഷം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന വാദമുഖങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നായിരുന്നു മാതൃഭൂമി ദിനപത്രത്തിന്റെ വ്യാജ വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത തികച്ചും തെറ്റാണെന്നാണ് സിപിഐഎം കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. പാര്‍ട്ടി തത്വങ്ങളില്‍ അണുവിട വ്യതിചലിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള വ്യാജവാര്‍ത്ത സാമാന്യയുക്തിക്ക് പോലും നിരക്കുന്നതല്ല. ഒരടിസ്ഥാനവുമില്ലാത്ത തെറ്റായ വാര്‍ത്തയ്ക്ക് പിന്നില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭിന്നതകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി കൂടി ലക്ഷ്യം വച്ചാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

രാഷ്ട്രീയ പ്രമേയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മാത്രം നടക്കുന്ന സാഹചര്യത്തില്‍ വലിയ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള മാതൃഭൂമി യുടെ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. ഒരു ശതമാനം പോലും സത്യമല്ലാതെ ഇത്രയേറെ ഊതിവീര്‍പ്പിച്ച വര്‍ത്ത കണ്ട മാധ്യമപ്രവര്‍ത്തകര്‍ പോലും ആശ്ചര്യത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here