ട്വന്റി-20; പരമ്പരാഗത വൈരികളുടെ പോര് മുറുകും… ജയം ഇന്ത്യയ്ക്കോ? പാകിസ്ഥാനോ? 

ട്വന്റി-20 ലോകകപ്പിലെ പരമ്പരാഗത വൈരികളുടെ പോരിൽ മുൻതൂക്കം ഇന്ത്യയ്ക്കാണെങ്കിലും പ്രതീക്ഷയിലാണ് ബാബർ അസമിന്റെ പാകിസ്താൻ പട. യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവസമ്പത്തും പ്രതിഭാശാലികളായ താരങ്ങളുമാണ് പാകിസ്താന്റെ കരുത്ത്. ഗൾഫിൽ കാണികളുടെ അകമഴിഞ്ഞുള്ള പിന്തുണയും പാകിസ്ഥാന് ലഭിക്കും.

തങ്ങളുടേതായ ദിവസം ഏത് വമ്പനെയും അട്ടിമറിക്കാൻ കഴിവുള്ള ഒന്നിലേറെ ടീമുകൾ ഇത്തവണ ട്വന്റി-20 ലോകകപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ ടീമാണ് ബാബർ അസം നായകനായ പാകിസ്ഥാൻ. മുന്നിൽ നിന്ന് നയിക്കുന്ന യുവ ക്യാപ്ടൻ ആണ് ടീമിന്‍റെ കരുത്ത്.

നിലവിലെ ടി20 ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഏഷ്യന്‍ താരമാണ് ബാബർ അസം. മികച്ച ബാറ്റിങ് റെക്കോഡുള്ള അദ്ദേഹം നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് പുറത്തെടുക്കാൻ കഴിയും. ഒന്നാന്തരം മാച്ച് വിന്നർ കൂടിയായ അദ്ദേഹത്തിന് മത്സരഗതി മാറ്റിമറിക്കാൻ കഴിയും. ഫോമിലെത്തിയാൽ ഏത് ബോളിങ് നിരയെയും അനായാസം നേരിടാൻ ബാബറിന് കഴിയും. ഈ വര്‍ഷം 14 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 523 റണ്‍സാണ് ബാബര്‍ നേടിയത്.

37.36 ശരാശരിയില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 132.74 ആണ്.ബാബർ അസമിനൊപ്പം ഓപ്പണറായി എത്തുന്ന മുഹമ്മദ് റിസ്വാനും അതിവേഗം റൺസ് ഉയർത്താൻ സാധിക്കുന്ന താരമാണ്. ഫഖർ സമാൻ,ഹൈദർ അലി, ആസിഫലി, എന്നിവരും പാക് ബാറ്റിംഗിന് ശക്തി പകരും.ബോളിങ് നിരയ്ക്ക് ഇന്ന് പഴയ പെരുമ അവകാശപ്പെടാനില്ലെങ്കിലും ഷഹീൻ ഷാ അഫ്രിദി, ഹാരിസ് റൗഫ് എന്നീ ബോളർമാർ പാകിസ്ഥാന് പ്രതീക്ഷ നൽകുന്നു.

രണ്ട് സന്നാഹ മത്സരങ്ങളിൽ ഒരു മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസവും പാക് ടീമിനുണ്ട്.ലോകകപ്പ് വേദികളിലെ ആധിപത്യം തുടരാനുറച്ച് ഇന്ത്യയും ചരിത്ര ജയത്തിനായി ബാബർ അസമിന്റെ പാക് പടയും മുഖാമുഖം വരുമ്പോൾ ഫൈനലിന് മുമ്പുള്ള ഫൈനലായി – ഈ മത്സരം മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here