മോൻസന്റെ കൈവശമുണ്ടായിരുന്ന തിമിംഗല എല്ലുകൾ കണ്ടെടുത്തു

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്യാമറകളിലെ ഉള്ളടക്കം ക്രൈംബ്രാഞ്ച് പരിശോധിക്കും. ഉന്നതരെ സംബന്ധിച്ച തെളിവുകൾ ക്യാമറയിൽ ഉണ്ടായിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

അതേസമയം മോൻസന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലടക്കം വിവരശേഖരണത്തിനായി മോൻസന്റെ മുൻ മാനേജർ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടുകൾ, മോൻസന്റെ ഉന്നത ബന്ധങ്ങൾ തുടങ്ങിയവയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഇതിനിടെ ഒളിക്യാമറയിലെ വിവരങ്ങൾക്കായി മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News