കേന്ദ്രം ഉന്നംവയ്ക്കുന്നത് കേരളത്തെ മാത്രം!!

സംസ്ഥാന സർക്കാരുകളുമായുള്ള സംയുക്ത സംരംഭത്തിൽ മുതൽ മുടക്ക് ലാഭകരമല്ല എന്ന കേന്ദ്രത്തിൻ്റെ നിലപാട് കേരളത്തിൻ്റെ കാര്യത്തിൽ മാത്രമെന്ന് രേഖകൾ. കെ റെയിൽ പദ്ധതിക്ക് വിദേശ വായ്പ സ്വീകരിക്കുന്നതിൽ ഉത്തരവാദിത്വം വഹിക്കാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. അതേസമയം അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വിദേശ വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ സഹായം ചെയ്ത് നൽകിയിട്ടുണ്ട്.

റെയിൽവേ മന്ത്രാലയത്തിൻ്റെയും കേരള സംസ്ഥാനത്തിൻ്റെയും സംയുക്ത പദ്ധതിയാണ് കെ റെയിൽ. പദ്ധതിയുടെ ഉത്തരവാദിത്വവും ബാധ്യതയും ഇരു കൂട്ടർക്കും ഇല്ലെ എന്ന ചോദ്യത്തിൽ നിന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഒളിച്ചോടുന്നത്. സിൽവർ ലൈൻ പദ്ധതിക്കുള്ള വിദേശ വായ്പയുടെ ഉത്തരവാദിത്തമെന്ന ബാധ്യത തങ്ങൾക്കു പറ്റില്ലെന്നും ഓഹരിയിനത്തിൽ പണം നൽകാൻ സാമ്പത്തിക ഞെരുക്കം തടസം ആണെന്നുമാണ് റെയിൽവേ മന്ത്രാലയത്തിൻെറ നിലപാട്.

ഗതാഗത മേഖലയിൽ അടിസ്ഥാന വികസനം ലക്ഷ്യം വെച്ച് പ്രധാനമന്ത്രിയാണ് രാജ്യത്ത് ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രചരണാർത്ഥം കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകിയ കേന്ദ്ര സർക്കാരിന് കെ റെയിലിൻ്റെ കാര്യത്തിൽ നിലപാട് നേരെ തിരിച്ചാണ് എന്നതും ശ്രദ്ധേയമാണ്. മുടക്ക് മുതൽ ലാഭകരമാകുമോ എന്ന ആശങ്കയും കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. എന്നാൽ അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി ലാഭകരമാകില്ലെന്നാണു മന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി വിലയിരുത്തിയത്. ഇതിൽ ഒട്ടും ആശങ്ക ഇല്ലാത്ത കേന്ദ്ര സർക്കാര് 88000 കോടി രൂപയുടെ വിദേശ വായ്പയ്ക്ക് ആണ് സഹായം ചെയ്ത് നൽകിയത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി , എയർ കേരള തുടങ്ങിയ പദ്ധതികളുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനം സിൽവർ ലൈനിന്റെ കാര്യത്തിലും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വായ്പാ കാര്യത്തിൽ കേന്ദ്രത്തിൻ്റെ സഹകരണം ഉണ്ടായില്ല എങ്കിൽ വായ്പയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ തനിയെ വഹിക്കുന്നതിനുള്ള മാർഗം എന്താണെന്നും ധനവകുപ്പ് പരിശോധിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി കൂടുതൽ ചർച്ചകൾ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News