പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടര്‍ തയ്യാറാക്കുന്നത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിന്റേയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് രീതി.

ഈ സംവിധാനം നടപ്പാക്കുമ്പോള്‍ എല്ലാ കരാറുകാരുടേയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മെയിന്റനന്‍സ് വിംഗ് ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നതിനായി കെ എച്ച് ആര്‍ ഐ യില്‍ സംവിധാനം ഏര്‍പ്പെടുത്തും.

ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ കരാറുകാരുടെ സംഘടനകളുടെ യോഗം നടത്തും. കരാറുകാരുടെ പ്രശ്‌നങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പിന്തുണ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എം എല്‍ എ, വി കെ സി മമ്മദ് കോയ എക്‌സ് എം എല്‍ എ, വര്‍ഗീസ് കണ്ണംപള്ളി, കെ ജെ വര്‍ഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാര്‍, സുനില്‍ പോള തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News