ഉല്ലാസയാത്ര ഹിറ്റോട് ഹിറ്റ്; മൂന്നാർ ഉല്ലാസയാത്രയ്ക്ക് ഹൈടെക്ക് ബസുകള്‍ എത്തിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

മലപ്പുറത്ത് നിന്ന് 1000 രൂപയ്ക്ക് മൂന്നാറിലേക്ക് യാത്ര. അതും താമസമുള്‍പ്പെടെയുള്ള സൗകര്യത്തോടെ. “ഉല്ലാസയാത്ര” ഇതോടെ വന്‍ഹിറ്റായി. അപ്പോപ്പിന്നെ സഞ്ചാരപ്രേമികൾക്ക് വീണ്ടും ഉണർവ് നൽകണ്ടേ? ഇതിനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഹൈടെക്ക് ബസുകള്‍ എത്തിക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.

ശനിയാഴ്ചകളില്‍ മാത്രമായി തുടങ്ങിയ ടൂര്‍ പാക്കേജിലേക്കുള്ള ബുക്കിംഗ് കുത്തനെ ഉയര്‍ന്നതോടെ സര്‍വീസ് ദിനംപ്രതിയാക്കി . കഴിഞ്ഞ ദിവസം രണ്ട് സൂപ്പര്‍ ഡീലക്സ് ബസുകളിലായി 79 യാത്രക്കാരാണ് മൂന്നാറിലേക്ക് പുറപ്പെട്ടു. ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്ന 21നൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മലപ്പുറം ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്ക് സര്‍വീസ് നടത്തി. മിക്ക ദിവസങ്ങളിലും രണ്ട് ബസുകളാണ് സര്‍വീസ് നടത്തുന്നത്.

ഈ മാസം 17-ന് ആരംഭിച്ച ടൂര്‍ പാക്കേജില്‍ ഇതുവരെ 511 പേര്‍ മൂന്നാറിലെത്തി. ശനിയാഴ്ചകളിലെ പാക്കേജില്‍ നവംബര്‍ 21 വരെ ബുക്കിംഗ് പൂര്‍ണ്ണമാണ്. എ സി ലോ ഫ്‌ളോര്‍, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് സ‌ര്‍വീസിനുപയോഗിക്കുന്നത്. കൂടുതല്‍ സൗകര്യങ്ങളുള്ള ഗരുഡ,​ ലക്ഷ്വറി ഹൈടെക്ക് ബസുകള്‍ മലപ്പുറം ഡിപ്പോയില്‍ എത്തിക്കാനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

യാത്രയെപ്പറ്റി കുറച്ചു കൂടി വ്യക്തത ആയാലോ?

ഉച്ചയ്ക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ബസ് രാത്രി എട്ടോടെ മൂന്നാറിലെത്തും. മൂന്നാര്‍ സബ് ഡിപ്പോയില്‍ നിർത്തിയിട്ട ഏഴ് എ.സി സ്ലീപ്പര്‍ ബസുകളിലാണ് താമസം. ഒരു ബസില്‍ 16 പേര്‍ക്ക് താമസിക്കാം. ഇങ്ങനെ 112 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഡ്രസ്സ് മാറുന്നതിന് നാല് ബസുകളില്‍ പ്രത്യേക കാബിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാര്‍ സബ് ഡിപ്പോയില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കി. രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയാണ് കാഴ്ച കാണല്‍. വൈകിട്ട് ഏഴിന് മടക്കയാത്ര. പുലര്‍ച്ചയോടെ മലപ്പുറം ഡിപ്പോയിൽ തിരികെയെത്തും.

നിരക്കുകള്‍ ഇങ്ങനെ

സൂപ്പര്‍ഫാസ്റ്റ് ബസിന് ഒരാള്‍ക്ക് 1,000 രൂപയും ഡീലെക്സിന് 1,200-ഉം എ.സി ലോ ഫ്‌ളോറിന് 1,500 രൂപയുമാണ് നിരക്ക്. താമസത്തിനുള്ള 100 രൂപ, സൈറ്റ് സീയിംഗ് ബസിനുള്ള 200 രൂപ അടക്കമാണിത്. പ്രവേശന ഫീസും ഭക്ഷണച്ചെ ലവും യാത്രക്കാര്‍ വഹിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here