ADVERTISEMENT
വിദേശീയരായ ഡോക്ടര്‍മാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യില്‍ നിന്നും ആകര്‍ഷകമായ സമ്മാനങ്ങള്‍ അയക്കാനെന്ന പേരില്‍ നികുതിയും, ഇന്‍ഷുറന്‍സിനായും വന്‍തുകകള്‍ വാങ്ങി സാമൂഹ്യമാധ്യമങ്ങള്‍ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭര്‍ത്താവിനേയും പിടികൂടി.
തൃശ്ശൂര്‍ സിറ്റിപൊലീസ് സൈബര്‍ സംഘം ബാംഗ്‌ളൂരിലെത്തിയാണ് തട്ടിപ്പുകാരെ വലയില്‍ കുടുക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി വന്‍തുകകള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായും സൗത്ത് ഇന്ത്യയിലെതന്നെ പ്രധാന തട്ടിപ്പുസംഘത്തെയാണ് പിടികൂടിയിരിക്കുന്നതെന്നും സൈബര്‍ പൊലീസ് സംഘത്തെ അഭിനന്ദിച്ചുകൊണ്ട് തെലങ്കാന പൊലീസ് അഭിപ്രായപ്പെട്ടു.
മണിപ്പൂര്‍ സദര്‍ഹില്‍സ് തയോങ് സ്വദേശി സെര്‍തോ റുഗ്‌നെയ്ഹുതി കോം (36) ഭര്‍ത്താവ് സെര്‍തോഹൃനെയ് തോങ് കോഗ് (35) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസ് ബാംഗ്‌ളൂരില്‍ തങ്ങി പത്ത് ദിവസത്തോളം നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തത്. ഡല്‍ഹി, ബാംഗ്‌ളൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. പരാതിക്കാരിയില്‍നിന്നുമാത്രം 35 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
തട്ടിപ്പുസംഘത്തിലെ പ്രധാനി സെര്‍തോറുഗ്‌നെയ്ഹുയി കോം ആണ്. പാഴ്‌സല്‍ കമ്പനിയില്‍ നിന്നാണെന്നും, സമ്മാനം അയച്ച് തരുവാനുള്ള നടപടികള്‍ക്കാണെന്നും പറഞ്ഞ് വന്‍ തുകകള്‍ വിവിധ അക്കൗണ്ടിലേക്കായി അയപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. പണം കൈപ്പറ്റിയതിനുശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നും, സംഭവം റിസര്‍വ്വ് ബാങ്കിനേയും പൊലീസിനേയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി കൂടുതല്‍ തുക ആവശ്യപ്പെടും. അതും കൈപറ്റിയാല്‍ താമസവും കോണ്‍ടാക്റ്റ് നമ്പരും മാറും. ഇതായിരുന്നു തട്ടിപ്പുരീതി.
തൃശ്ശൂര്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എ.എ. അഷറഫ്, സബ് ഇന്‍സ്‌പെക്ടര്‍ നൈറ്റ്, എ.എസ്.ഐ സതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അപര്‍ണ്ണ, സിവില്‍ പൊലീസ് ഓഫീസറായ ശ്രീകുമാര്‍.കെ.കെ, അനൂപ്.വി.ബി, ശരത്ത്, അനീഷ്.കെ, വിഷ്ണുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി മൊബൈല്‍ഫോണുകള്‍, സിംകാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍ എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇത്തരം വാര്‍ത്തകളെ മുന്‍ നിര്‍ത്തി അപരിചിതരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന സൗഹൃദ അഭ്യര്‍ത്ഥനകളില്‍ ജാഗ്രത പാലിക്കാന്‍ കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.