ലോകകപ്പ്; പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ

ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഇന്ത്യയ്ക്ക് പാകിസ്താനോട് നാണംകെട്ട തോൽവി. പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. ഷഹീൻ അഫ്രീദിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ലോകകപ്പ് വേദികളിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ നേടുന്ന ആദ്യ വിജയം കൂടിയാണ് ഇത്.

പരമ്പരാഗത വൈരികൾക്കെതിരായ സൂപ്പർ ത്രില്ലറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലിക്കും കൂട്ടർക്കും തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശർമയെ പുറത്താക്കി ഷഹിൻ അഫ്രീദിയുടെ വക ഇന്ത്യയ്ക്ക് ആദ്യ പ്രഹരം.

തൊട്ടുപിന്നാലെ ക്ലീൻ ബൗൾഡായി കെ എൽ രാഹുൽ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും ആറ് റൺസ്.ഹസൻ അലിയുടെ പന്തിൽ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ തകർച്ചയിലായി. പിന്നെ റിഷാഭ് പന്തിനെ കൂട്ടുപിടിച്ച് നായകൻ വിരാട് കോഹ്ലിയുടെ രക്ഷാപ്രവർത്തനം.

തകർപ്പനടികളുമായി സ്കോർ ഉയർത്തിയ റിഷാഭ് പന്തിനെ ഷതാബ് ഖാൻ മടക്കി അയച്ചു.ഹാർദ്ദിക് പാണ്ഡ്യ 11 റൺസും ജഡേജ 13 റൺസും നേടി പുറത്തായി. പവലിയനിലേക്കുള്ള ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയിലും നങ്കൂരമിട്ട് കളിച്ച നായകൻ വിരാട് കോഹ്ലിയാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്.

57 റൺസെടുത്ത വിരാട് കോഹ്ലിയെ ഷഹിൻ അഫ്രീദി പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിംഗാരംഭിച്ച പാകിസ്താന് ഓപ്പണർമാരായ നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും നൽകിയത് സ്വപ്ന തുല്യമായ തുടക്കമാണ്.

പതുക്കെ തുടങ്ങി സംഹാരതാണ്ഡവം പൂണ്ട ഓപ്പണർമാർ ഇന്ത്യൻ പേസർമാരെയും സ്പിന്നർമാരെയും കണക്കറ്റ് ശിക്ഷിച്ചു. അപരാജിത അർധ സെഞ്ച്വറിയുമായി ബാബർ അസമും മുഹമ്മദ് റിസ്വാനും കളം വാണതോടെ ഇന്ത്യയ്ക്കെതിരെ ചരിത്രവിജയം പാകിസ്താന് സ്വന്തം. ട്വൻറി-20 ലോകകപ്പിലെ ആറാമത്തെ മുഖാമുഖം പോരിൽ അങ്ങനെ ഏറെക്കാലമായി ആഗ്രഹിച്ച വിജയവും പാകിസ്താന് സ്വന്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here