യൂത്ത് ലീഗ് ഭാരവാഹിത്വം; വനിതകളെയും പുതുമുഖങ്ങളെയും തഴഞ്ഞതിൽ അമർഷം രൂക്ഷം

ഭാരവാഹിത്വത്തിൽ പുതുമുഖങ്ങളെയും വനിതകളെയും തഴഞ്ഞതിൽ യൂത്ത് ലീഗിൽ അമർഷം. ടി പി അഷറഫലിയെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. നാൽപ്പത് വയസ്സാണ് യൂത്ത് ലീഗിലെ പ്രായപരിധിയെങ്കിലും നാൽപ്പതിന് താഴെ പ്രായമുള്ള ഒരാൾ മാത്രമാണ് പുതിയ കമ്മിറ്റിയിലുള്ളത്.

പുതിയ കമ്മിറ്റി വൃദ്ധരുടെ സഭയെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. അഞ്ചുവർഷമായിത്തുടരുന്ന മുനവ്വറലി ശിഹാബ് തങ്ങളെയും പി കെ ഫിറോസിനെയും നേതൃത്വത്തിൽ വീണ്ടും അടിച്ചേൽപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

യൂത്ത് ലീഗിലെ പ്രായപരിധി നാൽപ്പതാണെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ നാൽപ്പതിൽത്താഴെ പ്രായമുള്ള ഒരാൾ മാത്രം. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടിപി ജിഷാനെ അംഗീകരിക്കില്ലെന്ന് കോഴിക്കോട് ജില്ലാകമ്മിറ്റി പരസ്യമായി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയ്ക്ക് പരാതിയും നൽകി.

അഷറഫലിയ്ക്കുവേണ്ടി ഒമ്പതുജില്ലാ കമ്മിറ്റികൾ നിലപാടെടുത്തെങ്കിലും ഫലമുണ്ടായില്ല. ഹരിതയുമായി ബന്ധപ്പെട്ട ഇടപെടലുകളാണ് അഷറഫലിയെ അനഭിമതനാക്കിയത്. യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ 20 ശതമാനം വനിതകളുണ്ടാവുമെന്ന് മുസ്ലിംലീഗ് നയരേഖയിലുണ്ടെങ്കിലും ഇത്തവണ ഒരാളുമില്ല.

ഹരിതാ നേതാക്കൾ ഫാത്തിമ തഹ്ലിയ, നജ്മ തബ്ഷിറ, മുഫീദ തസ്‌നി എന്നിവരെ പരിഗണിയ്‌ക്കേണ്ടിവരുമെന്നതിനാലാണ് വനിതകളെ ഒഴിവാക്കിയത്. വനിതകൾ വേണ്ടെന്ന് സാദിഖലി തങ്ങളുടെ നിർദേശവുമുണ്ടായിരുന്നു.

വൈസ് പ്രസിഡന്റുമാരായ ഫൈസൽ ബാഫഖി, മുജീബ് കാടേരി എന്നിവർ മലപ്പുറം ജില്ലാ കമ്മിറ്റിയ്ക്കും സ്വീകാര്യമല്ല. നഗരസഭാ ചെയർമാനായ മുജീബ് കാടേരിയെ പരിഗണിച്ചത് ചില നേതാക്കളുടെ താൽപ്പര്യത്തിലാണെന്നാണ് ആക്ഷേപം. വനിതകൾ പോയിട്ട് പുതുമുഖങ്ങൾ പോലുമില്ലാത്ത കമ്മിറ്റി പ്രവർത്തകരിൽ നിരാശയുണ്ടാക്കിയെന്ന് മുതിർന്ന നേതാക്കൾക്കിടയിലും അഭിപ്രായമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here