കശ്മീരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് അമിത് ഷാ

കശ്മീരിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനം ഇന്ന് അവസാനിക്കും. അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സൈനികരുടെ കുടുംബത്തിൻ്റെ കാര്യം പ്രധാനമന്ത്രി നോക്കും എന്നും അമിത് ഷാ പറഞ്ഞു. ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തി മേഖലയിൽ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കശ്മീരിൽ തുടരുന്ന പ്രശ്നങ്ങൾക്ക് ഇടയിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് അമിത് ഷാ. ത്രിദിന സന്ദർശനത്തിന് ഇടയിൽ ഒന്നിലേറെ പൊതു പരിപാടികളിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീരിൽ മോഹന വാഗ്ദാനങ്ങൾ ആണ് നൽകിയത്.

കഴിഞ്ഞ ദിവസം കശ്മീരിലെ യുവാക്കളെ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ച അമിത് ഷാ ഏറ്റവും ഒടുവിൽ സൈനികരെ പ്രീതിപ്പെടുത്താൻ ആണ് ശ്രമിച്ചത്. അതിർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് സൈനികരോട് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. സൈനികരുടെ കുടുംബത്തിൻ്റെ കാര്യം പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ട് എന്നും അമിത് ഷാ കശ്മീരിൽ പറഞ്ഞു.

ചരിത്രത്തിൽ ഇന്ന് വരെ ഇല്ലാത്ത വിധം ഭീകര ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം ബിജെപി സർക്കാരിൻ്റെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് മറച്ച് വെച്ചാണ് അമിത് ഷായുടെ പ്രസ്താവന. കശ്മീരിൽ റദ്ദാക്കിയ സംസ്ഥാന പദവി തെരഞ്ഞെടുപ്പ് നടത്തിയ ശേഷം പുനസ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം യുവാക്കളോട് സംവദിക്കവെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

കശ്മീരിൽ മാത്രം ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ ആണ് കഴിഞ്ഞ രണ്ട് ദിവസത്തെ സന്ദർശനം അമിത് ഷാ ഉപയോഗിച്ചത്. ആറിലേറെ സൈനീകർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടിട്ടും കശ്മീരിലെ ഭീകരവാദ പ്രശ്നങ്ങളെ പറ്റിയോ നുഴഞ്ഞ് കയറ്റം കണ്ടെത്തുന്നതിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ പറ്റിയോ അമിത് ഷാ ചർച്ച നടത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News