‘വിദ്യാകിരണം’: മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം

‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്കും പുതിയ ലാപ്‍ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. ഇതോടൊപ്പം 10, 12 ക്ലാസുകളിൽ പഠിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ആവശ്യമുള്ള മുഴുവൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഈ ഘട്ടത്തിൽത്തന്നെ ഉപകരണങ്ങൾ നൽകും. പതിനാല് ജില്ലകളിലുമായി 45313 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കുന്നത്.

പട്ടികവർഗ വിഭാഗം കുട്ടികൾക്ക് ഏറ്റവും ആദ്യം ഉപകരണങ്ങൾ ലഭിക്കാൻ സ്കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്‍ടോപ്പുകൾ തിരിച്ചെടുത്ത് നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ തുടർന്ന് കെ.എസ്.എഫ്.ഇ.-കുടുംബശ്രീ വഴി നടപ്പാക്കുന്ന ‘വിദ്യാശ്രീ’ പദ്ധതിയുടെ ഭാഗമായുള്ള ലാപ്‍ടോപ്പുകൾ ‘വിദ്യാകിരണം’ പദ്ധതിയ്ക്ക് വേണ്ടി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്രകാരം ആദ്യഘട്ടത്തിൽ 45313 പുതിയ ലാപ്‍ടോപ്പുകൾ കുട്ടികൾക്ക് നൽകുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്കും ലാപ്‍ടോപ്പുകൾ ഉറപ്പാക്കി ഓൺലൈൻ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തിൽ തുടക്കമിടുന്നത്. ഡിജിറ്റൽ വിഭജനത്തെ ഇല്ലാതാക്കാനും പാർശ്വവൽക്കരിക്ക പ്പെട്ടവർക്ക് മുന്തിയ പരിഗണന നൽകി ഡിജിറ്റൽ ഉൾച്ചേർക്കൽ സാധ്യമാക്കിയതിന്റെയും അനന്യമായ മാതൃകകൂടിയാണിത്. നവംബർ മാസത്തിൽത്തന്നെ വിതരണം പൂർത്തിയാക്കും.

മൂന്നുവർഷ വാറണ്ടിയോടെയുള്ള ലാപ്‍ടോപ്പുകളിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയർ ആപ്ലിക്കേഷനുകളും പ്രീ-ലോഡു ചെയ്താണ് സ്കൂളുകൾ വഴി കുട്ടികൾക്ക് നൽകുന്നത്. ലൈബ്രറി പുസ്തകങ്ങൾ നൽകുന്ന രൂപത്തിൽ സ്കൂളുകളിൽ നിന്നും നേരത്തെ’സമ്പൂർണ’ പോർട്ടലിൽ ഉപകരണങ്ങൾ ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ കുട്ടികൾക്കാണ് ലാപ്‍ടോപ്പുകൾ നൽകുക. ഇതിനായി സ്കൂളുകളും രക്ഷിതാവും തമ്മിൽ ധാരണാപത്രം ഒപ്പുവെയ്ക്കും. ഒരു ലാപ്‍ടോപ്പിന് നികുതിയുൾപ്പെടെ 18,000/- രൂപ എന്ന നിരക്കിൽ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം  പൂർത്തിയാക്കുക.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇനി പൊതുവിഭാഗത്തിലുള്ളതും, ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിലുള്ളതുമായ ഏകദേശം 3.5 ലക്ഷം കുട്ടികളാണുള്ളത്. ഇവർക്ക് ഘട്ടംഘട്ടമായി ഉപകരണങ്ങൾ നൽകി സ്കൂളുകൾ തുറന്നാലും ഓൺലൈൻ പഠന സാധ്യതകൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സർക്കാർ പദ്ധതിയിടുന്നത്.

തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. വാഴമുട്ടം സ്കൂളിലെ പ്രഥമാധ്യാപകന്റെ സാന്നിദ്ധ്യത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി ജയേഷിന് ആദ്യ ലാപ്‍ടോപ്പ് നൽകിയാണ് മുഖ്യമന്ത്രി വിതരണോദ്ഘാടനം നടത്തിയത്.

ചടങ്ങിൽ ധനവകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി, പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഐ.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എസ്.സി/എസ്.ടി. വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News