മോൻസൻ കേസ്; ട്രാഫിക്ക് ഐ ജി ലക്ഷ്മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

മോൻസൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ട്രാഫിക്ക് ഐ ജി ലക്ഷ്മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസനുമായി ലക്ഷ്മണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എ ഡി ജി പി യുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് വച്ചാണ് ഐ ജി യെ ചോദ്യം ചെയ്തത്. മുൻ ഡി ജി പി ലോക്നാഥ് ബെഹ്റ , എ ഡി ജി പി മനോജ് എബ്രഹാം എന്നിവരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ മോൻസൻ്റ മാനേജർ ജിഷ്ണുവിനെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

ഐ ജി ലക്ഷ്മണക്കെതിരെ മോൻസൻ കേസിലെ പരാതിക്കാർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലക്ഷ്മണയും മോൻസനും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നും മോൻസനെതിരായ പരാതികൾ അട്ടിമറിക്കാൻ ലക്ഷ്മണ ശ്രമിച്ചു എന്നുമായിരുന്നു ആരോപണം. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളു പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ ജി ലക്ഷ്മണയെ എ ഡി ജി പി നേരിട്ട് ചോദ്യം ചെയ്തത് .

മുൻ ഡി ജി പി ലോക് നാഥ് ബെഹ്റ , എ ഡി ജി പി മനോജ് എബ്രഹാം എന്നിവരിൽ നിന്നും അന്വേഷണ മേൽനോട്ടം വഹിക്കുന്ന എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മോൻസൻ്റെ കലൂരിലെ മ്യൂസിയം ഇരുവരും സന്ദർശിക്കുന്നതിൻ്റെ ചിത്രം പുറത്തു വന്നിരുന്നു. സന്ദർശനത്തിനിടെ സംശയം തോന്നിയ ബെഹ്റ, ഇൻ്റലിജൻസ് വിഭാഗത്തിന് മോൻസനെ കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ബെഹ്റയിൽ നിന്നും തേടിയത്. മോൻസൻ്റെ മ്യൂസിയത്തിന്
പൊലീസ് സുരക്ഷ നൽകിയ സാഹചര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മോൻസൻ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും.

ഇതിനിടെ മോൻസൻ്റ മാനേജർ ജിഷ്ണുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ കൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നിർണ്ണായക തെളിവുകൾ അടങ്ങുന്ന പെൻഡ്രൈവ് ജിഷ്ണു കത്തിച്ച് കളഞ്ഞതാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തി ജിഷ്ണുവിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News