പി ‍ഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകള്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്

പി ‍ഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിൻറെ ഭാഗമായി മുറികൾ പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാനാകുന്ന തരത്തിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം നവംബർ ഒന്നിന് നിലവിൽ വരും.

റസ്റ്റ് ഹൗസിൽ ഒരു മുറി വേണമെങ്കിൽ ഇനി സാധാരണക്കാരന് പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓൺലൈൻ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കോമെഡേഷൻ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. ഇവ ജനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറുകയാണ്.
ഇതിൻറെ ഭാഗമായി റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ ടി ഡി സി മാനേജിംഗ് ‍ഡയറക്ടറെ നോഡൽഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുറികളുടെ നവീകരണം, ആധുനികവൽക്കരണം, ഫർണ്ണിച്ചർ, ഫർണിഷിഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയാണ് നവീകരണത്തിൻറെ ഭാഗമായി റസ്റ്റ് നടത്തുന്നത്. റസ്റ്റ്ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും.

ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ് ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തും. സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും എന്നും ജോബ് മൈക്കിൾ, ഡോ എൻ ജയരാജ് , സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

ടൂറിസം വികസനത്തിന് ഉപയോഗിക്കാൻ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റും. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികൾക്കുള്ള സൗകര്യം വർധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സ‍ഞ്ചാരികൾക്ക് നേരിട്ട് ഓൺലൈനായി നടത്താൻ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here