ശാന്തമായ സാഹസിക നടത്തം നിങ്ങള്‍ക്ക് ഇഷ്ടമാണോ? എന്നാല്‍ കുറുവാ ദ്വീപിലേക്ക് ഒരു യാത്രയായാലോ?

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകള്‍ക്കിടയില്‍ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.

പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണ്. ഏറ്റവും സുന്ദരമായ ഒട്ടേറെ സ്വാഭാവിക നടപ്പാതകളാണ് സാഹസികരെ കാത്തിരിക്കുന്നത്. പുഴയോരത്തു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ തണലും സൗഹൃദവും നല്‍കും. പ്രധാന പുഴയും കൈത്തോടുകളും ബോട്ടിംഗിനും ചങ്ങാട യാത്രയ്ക്കും യോജിച്ചതാണ്.

ദ്വീപിനക്കരെ ഒരു ഭാഗം മുഴുവന്‍ വയനാട് വന്യജീവി സങ്കേതമാണ്. കര്‍ണ്ണാടകയെയും തമിഴ്നാടിനെയും തൊട്ടുകിടക്കുന്ന ഇരുണ്ട കാടുകളില്‍ നിന്നും കുറുവയെന്ന സുരക്ഷിത താവളത്തിലേക്ക് കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ നീന്തിക്കയറും. ചിലപ്പോഴൊക്കെ മഴക്കാലം കഴിയുന്നതുവരെയും ഈ ദ്വീപിനുള്ളില്‍ ഇവ തമ്പടിച്ചുകിടക്കും. പച്ചമുളകളുടെ ഈന്തുകള്‍ വലിച്ചു ചീന്തി തിന്നും ഈറ്റക്കാടുകളെ വെള്ളത്തിലേക്ക് പിഴുതെറിഞ്ഞും ദ്വീപിന്റെ മുക്കിലും മൂലയിലുമെല്ലാം കാട്ടാനകള്‍ തങ്ങി നില്‍ക്കും.

മഴക്കാലം നീണ്ടുപോയാല്‍ ഇവിടെ നിന്നും അക്കര പച്ചകള്‍ തേടി കാട്ടാനക്കൂട്ടങ്ങള്‍ കബനിയുടെ ഒഴുക്കിനെതിരെ തുഴഞ്ഞ് മറുകരയിലെ അറ്റമില്ലാത്ത ആവാസ ലോകത്തേക്ക് കയറും. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യം പോലെ ആഴക്കയങ്ങളിലേക്ക് പിടവിട്ടുപോയ കൊമ്പന്‍മാര്‍ കബനിക്കരയുടെ നൊമ്പരാമാകും. കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളുമെല്ലാം കൃത്യമായ ഇടവേളകളില്‍ മാത്രമാണ് ദ്വീപിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങള്‍ ഉറപ്പിക്കുക.

മഴ മാറി വേനലെത്തുന്നതോടെ മറ്റു കാടുകളൊക്കെ വരള്‍ച്ചയുടെ നോവറിയിച്ചു തുടങ്ങുമ്പോള്‍ കബനിയുടെ കാനനതീരത്ത് വന്യമൃഗങ്ങളുടെ കൂട്ടമുണ്ടാകും. മാനന്തവാടി പുഴയും പനമരം പുഴയും കാല പ്രവാഹത്താല്‍ സംഗമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിയുന്നതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങുമ്പോള്‍ സഞ്ചാരികളുടെ വരവായി. പിന്നൊയൊരു മഴക്കാലം ശക്തിയാവുന്നതുവരെയും ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല. കാനന കുളിരില്‍, പ്രകൃതിയുടെ സ്വന്തം തണലില്‍, കാടിന്റെ കുഴലൂത്തുകളെ കാതിലേക്ക് ചേര്‍ത്ത് മനം മയങ്ങി നില്‍ക്കാമിവിടെ ഏറെ നേരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here