ADVERTISEMENT
ഓണ്‍ലൈനില്‍ ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്തയാള്‍ക്ക് കിട്ടിയത് സോപ്പും അഞ്ച് രൂപയുടെ നാണയവും. എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ തിരികെ ലഭിച്ചു.
പ്രവാസിയായ തോട്ടുമുഖം നൂറല്‍ അമീനാണ് ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ഒക്ടോബര്‍ പത്തിന് മുഴുവന്‍ തുകയും അടച്ച് ബുക്ക് ചെയ്തത്. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്സല്‍ പൊട്ടിച്ചപ്പോള്‍ ഫോണ്‍ കവറിനകത്ത് സോപ്പും നാണയവുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിദ്ധ്യത്തില്‍ പായ്ക്കറ്റ് തുറക്കുന്നത് നൂറല്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
നൂറല്‍ അമീന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍, അമീന് ലഭിച്ച കവറിലെ ഐ.എം.ഇ.ഐ നമ്പറിലുള്ള ഫോണ്‍ സെപ്തംബര്‍ 25 മുതല്‍ ജാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. നൂറുല്‍ അമീന്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിനും 15 ദിവസം മുമ്പേ ആയിരുന്നു ഇത്. ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ സെപ്തംബര്‍ പത്തിനാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡീലറുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം തിരികെയെത്തി. എങ്കിലും അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ മാസം പറവൂരിലെ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ്ടോപ് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. ഇതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.