ട്വൻറി-20 പുരുഷ ലോകകപ്പിൽ സ്‌കോട്ട്‌ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ സ്കോട്ട്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് വൻ ജയം. 130 റൺസിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുജീബ് ഉർ റഹ്മാനാണ് പ്ലെയർ ഓഫ് ദി മാച്ച്.

സ്കോട്ട്ലണ്ടിന്റെ അട്ടിമറി മോഹങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അൽപായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നജീബുള്ള സദ്രാനും ഹസ്രത്തുള്ള സാസായിയും റഹ്മാനുള്ള ഗുര്‍ബാസും തകർപ്പനടികളോടെ റൺസ് ഉയർത്തിയപ്പോൾ നിശ്ചിത ഓവറിൽ അഫ്ഗാൻ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിലെത്തി.

ട്വൻറി -20 ലോകകപ്പിലെ അഫ്ഗാൻ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് സ്കോട്ടിഷ് ടീമിനെതിരെ കുറിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സ്കോട്ട്ലണ്ടിന് അഫ്ഗാൻ ബൗളർമാരുടെ കൃത്യതയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മാസ്മരിക സ്പിന്നിലൂടെ മുജീബ് റഹ്മാൻ പവലിയനിലെത്തിച്ചത് അഞ്ച് സ്കോട്ടിഷ് ബാറ്റർമാരെയാണ്. നാലു വിക്കറ്റുകളുമായി റഷീദ് ഖാൻ മുജീബിന് ഉറച്ച പിന്തുണ നൽകിയതോടെ വെറും 10.2 ഓവറിൽ 60 റൺസിന് സ്കോട്ലാന്‍ഡ് ഓള്‍ഔട്ട് ആയി.

അതേസമയം, 25 റൺസ് നേടിയ ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്ലാന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. ഈ മാസം 29 ന് പാകിസ്ഥാനിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News