ലോകം വാക്സിനേഷന് മുമ്പും പിന്‍പും – ഡോ. എസ് എസ് 
സന്തോഷ് കുമാർ എഴുതുന്നു

ഒന്നര വർഷത്തിലേറെ ലോകത്തെ മുൾമുനയിൽ നിർത്തിയ കൊവിഡിനെ മനുഷ്യൻ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ  കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്‌. മിക്കയിടത്തും രോഗം ദുർബലമാണ്. വീടുകളിൽത്തന്നെ ചികിത്സിക്കാവുന്ന ജലദോഷപ്പനിയെന്ന നിലവാരത്തിലേക്ക് അതെത്തുകയാണ്. വളരെ കുറച്ചുപേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നതുപോലുമുള്ളൂ. എന്തായിരിക്കും കോവിഡിന്റെ ഭാവിയെന്നും കൊവിഡാനന്തര ജീവിതമെങ്ങനെയായിരിക്കണമെന്നുമൊക്കെ നാം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കൊവിഡ് ഡെൽറ്റാ വകഭേദം ബാധിച്ചവരുടെ മരണംപോലും വാക്‌സിൻ നല്ല രീതിയിൽ തടയുമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ കഴിഞ്ഞയാഴ്ച വന്ന പഠനം പറയുന്നത്. 54 ലക്ഷം ആളുകളിൽ ഏപ്രിൽ ഒന്നിനും സെപ്തംബർ 27നും ഇടയിൽ നിരീക്ഷണം നടത്തിയതിലൂടെ വ്യക്തമായത്, ഫൈസർ വാക്സിൻ 90 ശതമാനവും ഓക്സ്ഫോർഡ്- ആസ്ട്രാസെനക്ക അഥവാ കോവിഷീൽഡ് 91 ശതമാനവും മരണങ്ങളെ ചെറുക്കുന്നുണ്ടെന്നാണ്.

വാക്‌സിനേഷന് മുമ്പും പിമ്പും എന്ന് കൊവിഡ്കാല ജീവിതത്തെ വിലയിരുത്താം.  വാക്‌സിൻ എടുത്തുവെന്നു കരുതി കോവിഡ് വരാതിരിക്കില്ലെന്ന്‌ നമുക്കറിയാം. എടുത്താൽ രോഗപ്പകർച്ച കുറയുമെന്ന വിശ്വാസവും അസ്ഥാനത്തായി. എന്നാൽ, രോഗതീവ്രത കുറയ്ക്കുമെന്ന പ്രതീക്ഷ തെറ്റിയതുമില്ല. വീട്ടിലൊരാൾക്ക് കൊവിഡ് വന്നാൽ മറ്റുള്ളവർക്കും ലഭിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. രോഗം വന്നാലും ഗുരുതരാവസ്ഥയില്ലാത്ത എ കാറ്റഗറിയിലാണ് നല്ല പങ്ക് രോഗികളും. ഇതൊരു വലിയ നേട്ടം തന്നെയാണ്.  ആദ്യ ഘട്ടത്തിൽ ആളുകൾക്ക് കൂട്ടത്തോടെ രോഗം വരുന്നതും ആശുപത്രി നിറയുന്നതും ഓക്സിജനും വെന്റിലേറ്ററും ആവശ്യമായ ചികിത്സയുമൊന്നും കിട്ടാതെ മരണം സംഭവിച്ചുവെന്നതാണ് വാസ്തവം. സാധാരണ പനി വന്നാൽ വീട്ടിൽ വിശ്രമിക്കുകയേ ചെയ്യൂ. കൊവിഡിന്റെ കാര്യത്തിൽ അതായിരുന്നില്ല സ്ഥിതി. വാക്സിനേഷൻ വന്നതോടെ കോവിഡും ആ ഒരു തലത്തിലേക്ക് ഏതാണ്ടൊക്കെ മാറി. 60നുമേൽ പ്രായമുള്ളവർ, മറ്റ് ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവർക്കൊക്കെ ഇപ്പോഴും കോവിഡ് വന്നാൽ പ്രശ്നമാണ്. മറ്റ് പകർച്ചപ്പനികളിൽനിന്ന് കോവിഡിനുള്ള പ്രധാന വ്യത്യാസവും ഇതാണ്.

രോഗപ്രതിരോധത്തിനായി നാം കൈക്കൊണ്ട കാര്യങ്ങളിൽ എന്തൊക്കെ ഇനി തുടരണമെന്നതിൽ ചർച്ച നല്ലതാണ്. പ്രധാനം മൂന്നുകാര്യമാണ്- സാമൂഹ്യഅകലം, മാസ്ക് ധരിക്കൽ, കൈകഴുകൽ. ഈ മൂന്നു കാര്യംകൊണ്ട് കൊവിഡിനെ മാത്രമല്ല നാം ചെറുത്തത്. പല രോഗങ്ങളുടെയും തോത് കുറഞ്ഞു. പ്രത്യേകിച്ച്, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ. മാസ്‌കാണ് അതിനു സഹായിച്ചതെന്നുവേണം കരുതാൻ. ശ്വാസകോശരോഗങ്ങൾ മറ്റുപല ഗുരുതര രോഗങ്ങളിലേക്കുമുള്ള തുടക്കം കൂടിയായിരിക്കും പലപ്പോഴും. അത്തരം രോഗങ്ങളെ തടുത്തുനിർത്താനും മരണം കുറയ്ക്കാനും സാധിച്ചു. കുട്ടികളുടെ പരസ്പരമുള്ള ഇടപെടലുകൾ കുറഞ്ഞത് കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ കുറച്ചിട്ടുണ്ട്. പക്ഷേ, അവരുടെ സാമൂഹ്യ ഇടപെടലുകൾ കുറഞ്ഞുവെന്ന ദോഷം കാണാതിരിക്കാനുമാകില്ല.

കേരളത്തിൽ ഇനിയും രോഗം വരാനുള്ളവരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. സിറോ പ്രിവലൻസ് തൊണ്ണൂറു ശതമാനത്തിനപ്പുറത്തേക്ക് എത്തിയാൽ മാത്രമേ മാസ്ക് പൂർണമായും മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാനാകൂ. സാമൂഹ്യ അകലമാണ് മനുഷ്യർക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കിയത്. പൊതു ഇടങ്ങൾ അടച്ചിടേണ്ടിവന്നത് ഈ നിബന്ധന പാലിക്കാനാണ്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. ഒരുമിച്ചിരിക്കാനും ഇടപഴകാനും ഏറെ ഇഷ്ടപ്പെടുന്നവർ. പൊതു ഇടങ്ങളിലെ സാമൂഹ്യഅകലം തുടർന്നേ പറ്റൂ.

രോഗത്തെ വല്ലാതെ ഭയപ്പെടാതെയുള്ള കൂടിച്ചേരലുകൾക്ക് വാക്സിനുകൾ ധൈര്യം പകരുന്നുണ്ട്. തുറന്ന സ്ഥലങ്ങൾ പൊതുവേ സുരക്ഷിതമാണ്. മാസ്‌കും സാമൂഹ്യ അകലവും അനുസരിച്ച് പൊതു ഇടങ്ങൾ കൂടുതൽ തുറന്നുകൊടുക്കാം. അടച്ചിട്ട സ്ഥലങ്ങളിലാണ്  ഇപ്പോഴുമൊരു പ്രശ്നമായി നിലനിൽക്കുന്നത്. ഹോട്ടലുകളായാലും ക്ലാസ് മുറികളായാലും തുറന്നിട്ടതും വായുസഞ്ചാരമുള്ളതുമായ മുറികളാണ് ഉചിതം.  ഇത്തരം ഇടങ്ങളിലുള്ള കൂടിച്ചേരലുകളെ അത്രയ്‌ക്ക് ഭയക്കേണ്ടതില്ല. മാസ്‌കുണ്ടെങ്കിൽ പ്രത്യേകിച്ചും. പക്ഷേ, അടച്ചിട്ടതും വായു തങ്ങിനിൽക്കുന്നതുമായ ഇടങ്ങളെ സൂക്ഷിക്കണം.  പ്രായമായവരെയും ഗുരുതരരോഗമുള്ളവരെയും കുറിച്ചുള്ള ആശങ്ക മനസ്സിലുണ്ടാകണം. മൂന്നാമത്തെ ഘടകമാണ് കൈകഴുകൽ അഥവാ സാനിറ്റേഷൻ. അതിനോടും പൂർണമായി ബൈ പറയേണ്ട കാര്യമില്ല. പലതരം സാംക്രമികരോഗങ്ങളും പകരുന്നത് കൈകളിലൂടെയാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും  ടോയ്‌ലറ്റുകൾ ഉപയോഗിച്ചശേഷവും മറ്റു പ്രതലങ്ങളിൽ സ്‌പർശിച്ച ശേഷവുമൊക്കെ കൈകൾ സോപ്പിട്ടു കഴുകണമെന്ന് പറയാറുണ്ട്. അതിനൊരു താളവും സമയവുമൊക്കെ ഉണ്ടായത് കോവിഡ് വന്നപ്പോഴാണ്.

സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ ആശങ്കകളേറെയാണ്.   പഠനം ഓൺലൈനായും നടത്താമെന്നു വന്നിരിക്കുന്നു.  കുട്ടികളെ വീടിനടുത്ത സ്കൂളുകളിൽ പഠിക്കാനയക്കുക. അവർ നടന്നോ സൈക്കിളിലോ പോകട്ടെ. സ്‌കൂളിൽ പോയി പഠിക്കേണ്ടി വരുമ്പോൾ ചില അസുഖങ്ങളൊക്കെ വരാനുള്ള സാധ്യതയുണ്ട്‌. അതിനൊപ്പം കോവിഡിനെയും കൂട്ടുക. കോവിഡ് വന്നാൽ എന്തൊക്കെ ചെയ്യാമെന്നതിൽ സ്കൂൾതല പ്രോട്ടോകോൾ ഉണ്ടാക്കണമെന്നുമാത്രം. കോവിഡ്കാലത്ത് പ്രകൃതിദുരന്തം ഉണ്ടാകുന്നതാണ് നാം നേരിടുന്ന മറ്റൊരു പ്രതിസന്ധി.

ഇത്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വികേന്ദ്രീകൃത സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് പ്രധാനം. ഓരോ ദുരന്തത്തെയും എങ്ങനെ നേരിടാമെന്ന് വ്യക്തികൾ പരിശീലിക്കപ്പെടണം. മഴക്കെടുതിക്കാലത്ത് ക്യാമ്പുകൾ അനിവാര്യമാണ്.  സാമൂഹ്യ അകലവും മാസ്‌ക്‌ ധരിക്കലുമൊന്നും നിർബന്ധിക്കാനായെന്നു വരില്ല. ക്യാമ്പുകളുടെ എണ്ണം വർധിപ്പിച്ച് താമസിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് ഒരു മാർഗം.  കോവിഡിനേക്കാൾ പ്രധാനം ക്യാമ്പുകളിൽ ശുദ്ധജലമെത്തിക്കുന്നതും സാംക്രമിക രോഗങ്ങളെ തടയേണ്ടതുമൊക്കെയാണ്.  ഭക്ഷണം പാചകം ചെയ്യുന്നത് അണുബാധയുണ്ടാകാത്ത സ്ഥലങ്ങളിലായിരിക്കണം. കോവിഡിനൊപ്പം മറ്റുരോഗങ്ങൾകൂടി വന്നാൽ ഗുരുതരമായിരിക്കും. കോവിഡിനെ നേരിടാൻ നാം പല മാർഗവും സ്വീകരിച്ചിട്ടുണ്ട്.  എന്തായാലും ആരോഗ്യദുരന്ത നിവാരണസേന നമുക്ക് ഇനിയും ആവശ്യമാണ്. കോവിഡ് സമ്മാനിച്ച പാഠങ്ങൾ മറക്കാതെ മുന്നോട്ടുപോയാൽ ഇതിലും വലിയ ദുരന്തങ്ങളുണ്ടായാൽ മാത്രമേ നമുക്കിനി ഭയക്കേണ്ടിവരൂ.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here