എലിപ്പനി; ജാഗ്രത പാലിക്കണം

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തിൽ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്.

എലി മൂത്രത്തിൽ കൂടി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മനുഷ്യ ശരീരത്തിലെ മുറിവുകൾ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങൾ വഴിയോ ശരീരത്തിൽ എത്തുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

കടുത്ത പനി, തലവേദന, പേശിവേദന, വിറയൽ, കണ്ണിന് ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
എലിപ്പനി മാരകമാകാം എന്നതിനാൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. ഇ- സഞ്ജീവനീയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടാം.

തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ, വയലുകളിൽ പണിയെടുക്കുന്നവർ, റോഡ്, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങി ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ജോലി ചെയ്യുന്നവർക്കാണ് രോഗസാധ്യത കൂടുതൽ ഉള്ളത്. അതിനാൽ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഭക്ഷണത്തിനുശേഷം കഴിക്കേണ്ടതാണ്.

പണിക്ക് ഇറങ്ങുമ്പോൾ കൈയുറ, കാലുറ എന്നിവ ധരിക്കേണ്ടതാണ്. രോഗ സാധ്യത ഉള്ളവർ എലിപ്പനി ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ചികിത്സ തേടുകയും ജോലി സംബന്ധമായ വിവരങ്ങൾ ഡോക്ടറെ അറിയിക്കുകയും വേണം. കുട്ടികൾ ഉൾപ്പെടെയുള്ളവർ മലിനജലത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യുവാൻ പാടുള്ളതല്ല.

എലി നശീകരണം ആണ് എലിപ്പനിയുടെ പ്രധാന പ്രതിരോധ നടപടി എന്നതിനാൽ ചപ്പുചവറുകൾ കൂട്ടി ഇടാതിരിക്കാനും മാലിന്യങ്ങൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ജില്ലയിൽ ആറ് എലിപ്പനി മരണങ്ങളാണ് സ്ഥിരീകരിച്ചത്. കരകുളം, വെങ്ങാനൂർ, മലയിൻകീഴ് , അരുവിക്കര, കിളിമാനൂർ എന്നീ സ്ഥലങ്ങളിൽ നിന്നും കൂടുതലായി എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News