ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ദി വയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ആഗസ്റ്റ് ആറിനാണ് മോദി തന്റെ ട്വീറ്റിൽ നിരവധി പേർ ഖേൽ രത്‌നയ്ക്ക് ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഖേൽരത്‌ന ഇനി ധ്യാൻചന്ദിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാൽ ഇക്കാര്യമാവശ്യപ്പെട്ട് ഒരാൾ പോലും അപേക്ഷിച്ചതിന്റെ രേഖകൾ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല.

മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോലും അധികൃതർ തീരുമാനിച്ചതെന്നും ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ഖേൽരത്‌നയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര പേരാണ് മോദിയ്ക്ക് അപേക്ഷ അയച്ചതെന്നും ഇതിന്റെ രേഖകൾ ലഭ്യമാണോയെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്.

എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി നൽകിയ മറുപടി. നേരത്തെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേൽരത്‌ന അറിയപ്പെട്ടിരുന്നത്.

41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. വിരാട് കോഹ്‌ലി, സർദാർ സിങ്, സാനിയ മിർസ, എം.എസ്.ധോണി, വിശ്വനാഥൻ ആനന്ദ്, ധൻരാജ് പിള്ളൈ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ നിരവധി കായിക പ്രതിഭകൾക്ക് ഖേൽരത്ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News