ട്വന്റി-20 പുരുഷലോകകപ്പ്; സൂപ്പര്‍ ട്വല്‍വില്‍ രണ്ടാം വിജയം തേടി ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെതിരെ

ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പര്‍ ട്വല്‍വില്‍ രണ്ടാം വിജയം തേടി ഇംഗ്ലണ്ട് ഇന്നിറങ്ങും. വൈകീട്ട് 3.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് ബംഗ്ലാദേശാണ് എതിരാളി. രാത്രി 7:30 ന് സ്‌കോട്ട്‌ലണ്ട് നമീബിയയെ നേരിടും.

വിന്‍ഡീസിനെ തകര്‍ത്ത് ടൂര്‍ണമെന്റില്‍ വിജയത്തുടക്കം കുറിച്ച ഒയിന്‍ മോര്‍ഗന്റെ സംഘത്തിന് എതിരാളി മൊഹമ്മദുള്ള നായകനായ ബംഗ്ലാ കടുവകളാണ്. നിലവിലെ ചാമ്പ്യന്മാരായ കീറോണ്‍ പൊള്ളാര്‍ഡിന്റെ കരീബിയന്‍ സംഘത്തെ ആറ് വിക്കറ്റിന് മറികടന്ന ഇംഗ്ലീഷ് ടീമിന് തുടര്‍ വിജയം മാത്രമാണ് ലക്ഷ്യം. ബോളര്‍മാരുടെ മികച്ച പ്രകടനത്തില്‍ സംതൃപ്തനാണെങ്കിലും ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയുള്ള ബാറ്റിംഗ് തകര്‍ച്ച ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പോരായ്മകള്‍ പരിഹരിച്ചാല്‍ സെമി ഫൈനലിലേക്കുള്ള പ്രയാണത്തില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നും മുന്‍ ചാമ്പ്യന്മാര്‍ ഒരു ചുവട് കൂടി മുന്നേറും. മരതക ദ്വീപുകാരുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പരാജിതരായ ബംഗ്ലാദേശ് ആദ്യ വിജയം കൊതിച്ചാണ് ഇറക്കുന്നത്. ഷാക്കിബിനെയും നയീമിനെയും പോലെ അതിവേഗ ക്രിക്കറ്റിലെ ഒരുപിടി മികച്ച താരങ്ങളുടെ സാനിധ്യമാണ് ടീമിന്റെ ശക്തി. തുടര്‍ തോല്‍വി സെമിസാധ്യത കള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന തിനാല്‍ ജീവന്മരണ പോരാട്ടത്തിനാണ് മൊഹമ്മദുള്ളയും സംഘവും കോപ്പ് കൂട്ടുന്നത്.

ഗ്രൂപ്പ് മത്സരങ്ങളിലൂടെ യോഗ്യത നേടിയെത്തിയവരുടെ പോരാട്ടമാണ് ഗ്രൂപ്പ് രണ്ടില്‍ അരങ്ങേറുക. അഫ്ഗാനിസ്ഥാനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സ്‌കോട്ട്‌ലണ്ടിന് ലോകകപ്പില്‍ ഇതാദ്യമായി കളിക്കുന്ന നമീബിയയാണ് എതിരാളി. അഫ്ഗാനെതിരെ ബാറ്റിംഗിലും ബോളിംഗിലും ടീം അമ്പേ പരാജയപ്പെട്ടതിന്റെ നാണക്കേട് തീര്‍ക്കാന്‍ ഉറച്ചാണ് കോട്‌സറുടെ സ്‌കോട്ടിഷ് സംഘം ഇറങ്ങുക.

ഡേവിഡ് വീസെയെന്ന സൂപ്പര്‍ ഓള്‍റൗണ്ടറുടെ സാന്നിധ്യമാണ് ജെറാര്‍ഡ് ഇറാസ്മസ് ക്യാപ്ടനായ നമീബിയയുടെ ശക്തി. യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനം ആവര്‍ത്തിച്ച് ചരിത്രം രചിക്കുകയാണ് ഈ ആഫ്രിക്കന്‍ ടീമിന്റെ ലക്ഷ്യം. ഏതായാലും അതിവേഗ ക്രിക്കറ്റിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ദുബായ് വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here