സ്മരണകളിരമ്പുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷിദിനത്തിന് ഇന്ന് 75 വയസ്സ്

രക്തസാക്ഷികൾ അനശ്വരരാണ്, അവർക്കു മരണമില്ല. 75 വയസ്സായി, ചോര കൊണ്ട് ഒപ്പുവച്ച ആ പോരാട്ടത്തിന്. രണ്ടു സ്ഥലപ്പേരുകൾ മാത്രമായിരുന്ന പുന്നപ്രയും വയലാറും പുന്നപ്ര – വയലാർ എന്ന ഒറ്റ വാക്കായതിന്റെ മുക്കാൽ നൂറ്റാണ്ട്.

ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.

ആലപ്പുഴയിൽ സമാധാനപരമായ പണിമുടക്ക്, പ്രകടനം. അതു ‌പൊലീസിന്റെയും പട്ടാളത്തിന്റെയും മുന്നിലൊരു മറ പിടിച്ചു. അപ്പുറത്തു ചെറുജാഥകൾ തിടംവച്ച് പുന്നപ്രയിലെ പൊലീസ് ക്യാംപിലേക്കു കുത്തിയൊഴുകി.

ജാഥക്കാർ തിരുവമ്പാടിയിൽ ഒരു പട്ടാള ട്രക്ക് തടഞ്ഞു. തർക്കത്തിനൊടുവിൽ രണ്ടു സമരക്കാരെ പട്ടാളം വെടിവച്ചു. അപ്പോഴേക്കും പുന്നപ്രയിലെ ക്യാംപിൽ‍ മറ്റൊരു സംഘം സമരക്കാർ‍ ഇൻസ്പെക്ടർ വേലായുധൻ നാടാരെയും ചില പൊലീസുകാരെയും വധിച്ചിരുന്നു.

പൊലീസിന്റെ വെടിവയ്പിൽ ഏകദേശം 75 സമരക്കാർ മരിച്ചു. വാരിക്കുന്തം പിടിച്ച അവരുടെ മുഷ്ടികൾ അയഞ്ഞിരുന്നില്ല. പതിറ്റാണ്ടുകളെ ചുവപ്പിക്കാൻ പോന്ന ചോര അന്ന് അവരൊഴുക്കി.

1946ൽ ആയിരുന്നു കേരളത്തിന്റെ ആ ഒക്ടോബർ വിപ്ലവം. 24–ാം തീയതി മുതൽ 27 വരെ (1122 തുലാം 7 മുതൽ 10 വരെ) നീണ്ട രക്തച്ചൊരിച്ചിൽ. 24നു പുന്നപ്രയിലും 27നു വയലാറിലും. എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. നൂറുകണക്കിന് എന്നു മാത്രം പറയാം. പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളും കല്ലും വടിയും കൊണ്ടു പട്ടാളത്തിന്റെ തോക്കുകളെ നേരിടാനിറങ്ങിയവർ രക്തം കൊണ്ടു ചരിത്രത്തെ സാക്ഷ്യപ്പെടുത്തി.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനും സാമ്രാജ്യത്വശക്തികളുടെ കോളനിയാക്കാനും ദിവാൻ സർ സി പി രാമസ്വാമി രൂപപ്പെടുത്തിയ ‘അമേരിക്കൻ മോഡലി’നെതിരായ ഉജ്വല സമരത്തിന്റെ സ്‌മരണയാണ്‌ ഇവിടെ പുതുക്കപ്പെടുന്നത്. സർ സിപിയുടെ അമേരിക്കൽ മോഡലിനെതിരെ തൊഴിലാളിവർഗം ചെങ്കൊടിയെ നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിന്റെ സ്മരണകളാണ് പുന്നപ്ര രക്തസാക്ഷി ദിനം.

ആ സമരങ്ങളുടെ ഓർമ മനസ്സിൽ നിറയ്ക്കുന്നത് അഭിമാനമാണ്. അന്ന് രക്തസാക്ഷികളായ സഖാക്കളുടെ ഓർമകൾക്കു മുന്നിൽ ഒരിക്കൽക്കൂടി ലാൽസലാം പറയുന്നു. രക്തസാക്ഷികൾ അനശ്വരരാണ്, അവർക്കു മരണമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News