ദേശീയ സുരക്ഷയുടെ പേരില്‍ എപ്പോഴും കേന്ദ്രത്തിന് രക്ഷപ്പെടാനാകില്ല; പെഗാസസ് കേസില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

പെഗാസസ് കേസില്‍ സുപ്രീംകോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരിട്ടത് രൂക്ഷ വിമര്‍ശനം. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് കോടതി പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന് നിലപാട് ന്യായീകരിക്കാം പക്ഷെ കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം നിഷേധിച്ചിട്ടില്ല. അതിനാല്‍, ഹര്‍ജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.

അതുകൊണ്ട് ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു, അതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി മേല്‍നോട്ടത്തിലായിരിക്കും.

വിവരസാങ്കേതിക വിദ്യ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന കാലമാണിത്. അതിനൊപ്പം തന്നെ പ്രധാനമാണ് പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നുള്ളതും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സ്വകാര്യതയുള്ളത്, എല്ലാ പൗരന്‍മാര്‍ക്കും സ്വകാര്യതയുണ്ട്, കോടതി പറഞ്ഞു.

സ്വകാര്യതയ്ക്കുള്ള അവകാശത്തിന് നിയന്ത്രണങ്ങളുണ്ട്, എന്നാല്‍ ആ നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇന്നത്തെ ലോകത്ത് സ്വകാര്യതയ്ക്ക് മേലുള്ള നിയന്ത്രണം തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനാണ്, ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയൂ,” വിധിയില്‍ പറയുന്നു.

ഇത്തരം നിരീക്ഷണങ്ങള്‍ ആളുകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും അവര്‍ വഹിക്കുന്ന പ്രധാന പങ്കിനെയും ബാധിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News