രാജ്യത്തെ ഞെട്ടിച്ച പെഗാസസിന്‍റെ നാള്‍വ‍ഴികള്‍ ഇതാ….

രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെഗാസസ് വിഷയം പൊട്ടിപ്പുറപ്പെട്ടതും കത്തിപ്പടര്‍ന്നതും ഏറെ വേഗത്തിലായിരുന്നു. ഒരു സ്‌പൈവെയര്‍ ആയ പെഗാസസ് അപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ ഐ. ഒ. എസ്. (ഐഫോണ്‍ ഒഎസ്) അധിഷ്ഠിതമായ മൊബൈല്‍ ഫോണുകളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ സ്‌പൈവേര്‍ ഉപയോഗിച്ചു എന്നായിരുന്നു ആദ്യ വാര്‍ത്ത. രാജ്യത്തെ ജഡ്ജിമാര്‍. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, കോടതി ജീവനക്കാര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് പ്രമുഖ ദേശീയ മാധ്യമമായ ‘ദി വയര്‍’ ആയിരുന്നു. ജൂണ്‍ 18നായിരുന്നു ഇത് പുറത്തുവന്നത്.

പെഗാസസിന്‍റെ നാള്‍വഴികളിലൂടെയൊരു യാത്ര….

കേന്ദ്ര മന്ത്രി സഭ അംഗങ്ങളുടെയും പ്രമുഖ നേതാക്കളുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും അത് വാഷിംഗ്ടണ്‍ പോസ്റ്റും ലണ്ടന്‍ ഗാര്‍ഡിയനും അതിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന അഭ്യൂഹം പടരുന്നതായി ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ദി വയര്‍ വാര്‍ത്ത പുറത്തുവിട്ടത്.

ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. കേന്ദ്രമന്ത്രിമാര്‍, ആര്‍.എസ്എസ് നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, ജേണലിസ്റ്റുകള്‍, തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ട്വീറ്റിനെ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നാല്‍ സുബ്രഹ്മണ്യ സ്വാമി നല്‍കിയ സൂചനകള്‍ ശരിവെച്ചുകൊണ്ട് ദി വയര്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ പട്ടിക പുറത്തുവിട്ടു.

40 ഓളം മാധ്യമപ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങളാണ് ഒരു കൂസലുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്‌റ്റ്വെയറിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ആദ്യഘട്ട വിവരം മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്ത പട്ടികയില്‍ ഉണ്ടായേക്കുമെന്നുമായിരുന്നു ആദ്യ വാര്‍ത്ത.

മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 300 ഓളം ഇന്ത്യന്‍ മൊബൈല്‍ ടെലിഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു. നിരവധി ബിസിനസുകാരും ഇതില്‍ ഉള്‍പ്പെടുന്നു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപി കൃഷ്ണന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്നാണായിരുന്നു വാര്‍ത്ത.

പിന്നീട് നടത്തിയ ഫോറന്‍സിക് പരിശോധനകളില്‍ ചില ഉപകരണങ്ങളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ദി വയര്‍, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18, ഇന്ത്യാ ടുഡേ എന്നീ മാധ്യമങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തരെയും ലക്ഷ്യമിട്ടതായി കണ്ടെത്തിയിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018നും 2019നും ഇടയിലുള്ള കാലയളവിലാണ് മിക്ക മാധ്യമപ്രവര്‍ത്തകരും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുള്ളതെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സ്‌പൈവെയര്‍ വില്‍ക്കുന്ന എന്‍എസ്ഒ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത് തങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് വില്‍പ്പന നടത്തിയിട്ടുള്ളതെന്നാണ്. എന്നാല്‍ ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളുടെ പട്ടിക പുറത്തുവിടാന്‍ എന്‍എസ്ഒ തയ്യാറായിട്ടില്ല. തങ്ങള്‍ ഫോണ്‍ ചോര്‍ത്തിയിട്ടുള്ള വ്യക്തികള്‍ ഏത് തരത്തില്‍പ്പെട്ടവരാണെന്നോ ആരാണെന്നോ വെളിപ്പെടുത്താനും കമ്പനി തയ്യാറായിട്ടില്ല.

വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കം അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന 16 പ്രസിദ്ധീകരണങ്ങളുമായി ചേര്‍ന്നാണ് വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി ഗാര്‍ഡിയന്‍, ലെ മോണ്ടെ എന്നിവരായിരുന്നു അന്വേഷണത്തിലെ മീഡിയ പാര്‍ട്ട്ണര്‍മാര്‍. ഫോര്‍ബിഡന്‍ സ്റ്റോറീസും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനും പഠനത്തില്‍ പങ്കാളിത്തമുണ്ട്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ജല്‍ ശക്തിയുടെ സംസ്ഥാന മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, വസുന്ധര രാജേ സിന്ധ്യയുടെ പേഴ്‌സണല്‍ സെക്രട്ടറി സ്മൃതി ഇറാനി, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രവീണ്‍ തൊഗാഡിയ, സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) എന്നിവരുടെ പേരുകളും ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പ് നിരീക്ഷിച്ചിരുന്ന 300 മൊബൈല്‍ നമ്പറുകളില്‍ 2017-2019 കാലയളവിലാണ് ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നും വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, 2019 ഏപ്രിലില്‍ മുന്‍ ചീഫ് ജസ്റ്റിസ് (സിജെഐ) രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച പീഡിപ്പിച്ചെന്ന് ആരോപിച്ച സുപ്രീം കോടതി ജീവനക്കാരിയുടെ ഫോണ്‍ നമ്പറുകളും ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

2021 ജൂലൈ 18ന് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും സുസ്ഥിരമായ സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നുവെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്്‌ക്കെതിരെ പ്രതിപക്ഷ എംപിമാര്‍ കീറിയെറിയുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച സാഹചര്യത്തിലാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജൂലൈ 24 ന് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്നും കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി നല്‍കിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പാര്‍ലമെന്റ് ആടിയുലഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കൊണ്ട് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നിരവധി തവണ തടസ്സപ്പെട്ടു.

സെപ്തംബര്‍ 23 ന് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടിയെന്നോണം കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കുമെന്ന് ഉത്തരവിറങ്ങി. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അന്ന് അറിയിച്ചു. ഇതോടെ പെഗാസസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

വന്‍ പെഗാസസ് സ്‌പൈവെയര്‍ വിവാദത്തിന് ശേഷം, ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് (അണട), ഇസ്രായേലി നിരീക്ഷണ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും അടച്ചുപൂട്ടിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് അറിഞ്ഞതോടെ പെഗാസസുമായി ബന്ധപ്പെട്ടുള്ള അക്കൌണ്ടുകളും അടിസ്ഥാന സൌകര്യങ്ങളും അടച്ച് പൂട്ടാന്‍ തീരുമാനിച്ചതായി ആമസോണ്‍ വെബ് സര്‍വീസസ് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

2019 ജൂലൈയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമ്പോള്‍, അന്നത്തെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും അന്നത്തെ മുഖ്യമന്ത്രി എച്ച്ഡിയുടെ പേഴ്സണല്‍ സെക്രട്ടറിമാരുടെയും ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എച്ച്ഡി കുമാരസ്വാമിയെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും നിരീക്ഷിച്ചിരുന്നുവെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ല്‍ ബി.ജെ.പിയും ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരും തമ്മില്‍ ശക്തമായ അധികാരത്തര്‍ക്കം നടന്നുകൊണ്ടിരുന്ന സമയത്ത്, കര്‍ണ്ണാടകയിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ നമ്പറുകളും ഫോണ്‍ ചോര്‍ത്തലിന് ഇരയായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഭരണകക്ഷിയില്‍ നിന്നുള്ള 17 നിയമസഭാംഗങ്ങള്‍ മറുകണ്ടം ചാടിയതോടെ കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സഖ്യം പെട്ടെന്ന് രാജിവക്കുകയായിരുന്നു.

സ്‌പൈവെയര്‍ വഴി ചോര്‍ന്നതില്‍ അംബേദ്കറൈറ്റ് പ്രവര്‍ത്തകന്‍ അശോക് ഭാരതി, മുന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ബന്‌ജ്യോത്സ്‌ന ലാഹിരി, നക്‌സല്‍ ആധിപത്യമുള്ള പ്രദേശങ്ങളിലെ ചരിത്രകാരനായ ബെലാ ഭാട്ടിയ, റെയില്‍വേ യൂണിയന്‍ നേതാവ് ശിവ് ഗോപാല്‍ മിശ്ര, കല്‍ക്കരി ഖനന വിരുദ്ധ പ്രവര്‍ത്തകന്‍ അലോക് ശുക്ല, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സരോജ് ഗിരി, ബസ്തര്‍ ആസ്ഥാനമായുള്ള സമാധാന പ്രവര്‍ത്തകന്‍ ശുഭ്രാന്‍ഷു ചൗധരി, ബീഹാര്‍ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്‌സാ ശതാക്ഷി എന്നിവരുടെ ഫോണുകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അമിത് ഷായുടെ മകന്റെ അനധികൃത സ്വത്ത് വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങ്ങും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി വിവരങ്ങള്‍ പിന്നീട് പുറത്തുവന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍ എന്നിവര്‍ ഹര്‍ജി നല്‍കി.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും വിദഗ്ധ സമിതിയുടെ കാര്യത്തിലും അതൃപ്തിയുമായി സുപ്രീംകോടതി രംഗത്തെത്തി. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് സുപ്രീംകോടതി നിലപാടെടുത്തു.

ഇപ്പോള്‍, പെഗാസസ് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഇനി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് പരിമിതമായ സത്യവാങ്മൂലമാണെന്നും കോടതി പറഞ്ഞു.ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ നല്‍കിയ ഹര്ജിയിന്മേലാണ് വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News