‘ഒരു നാടിന്റെ MP എന്നാല്‍ ആ നാട്ടിലെ അയാളുടെ രാഷ്ട്രീയം ഉള്ളവരുടെ മാത്രം MP ആണ്’; സുധാകരന്‍ വിഷയത്തില്‍ ആര്‍ ജെ സൂരജ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ആര്‍ ജെ സൂരജിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ ദിവസം കൊച്ചി കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത കെ സുധാകരന്‍ എംപിയും ഒപ്പമുണ്ടായിരുന്നവരും വിമാനത്തില്‍ ഉണ്ടാക്കിയ ബഹളത്തെ കുറിച്ച് ഖത്തറിലെ റേഡിയോ അവതാരകനായ ആര്‍ജെ സൂരജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോടൊപ്പമുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആര്‍ ജെ സൂരജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. വിമാനത്തിലെത്തിയ സുധാകരന്‍ ഇഷ്ടപ്പെട്ട സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് ബഹളത്തിനു കാരണമായത്.

എന്നാല്‍ കൊച്ചിയിലെ ഗ്രൗണ്ട് സ്റ്റാഫ് ഇത് അനുവദിച്ചില്ല. സീറ്റ് നല്‍കാന്‍ വിസമ്മതിച്ച കൊച്ചിയിലെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ സുധാകരന്റെ കൂടെയുണ്ടായിരുന്നവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള കോലാഹലങ്ങളാണ് ആര്‍ജെ സൂരജ് വിശദമായി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

ഇതിന് പിന്നാലെ മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പുമായും സൂരജ് രംഗത്തെത്തി. കണ്‍ മുന്നില്‍ ശെരിയല്ലെന്ന് തോന്നുന്നത് കണ്ടാല്‍ നേരിട്ട് പ്രതികരിക്കുന്ന ‘ലക്ഷത്തില്‍ ഒരാള്‍’ മനസിലാക്കേണ്ട പാഠങ്ങള്‍… എന്നുപറഞ്ഞാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. നേരിട്ട് ഫീല്‍ ചെയ്യുന്ന വിഷയങ്ങളില്‍ പ്രതികരിച്ചു പോകുന്ന ശീലം കാരണം ഇതുവരെ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ ഇനി എന്നെങ്കിലും പ്രതികരിക്കാന്‍ ഇടയുള്ളവരുടെ അറിവിലേക്ക് എന്ന് പറഞ്ഞ് കുറച്ചു പോയിന്റ്‌സും സൂരജ് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നു.

  • നിങ്ങള്‍ പ്രതികരിക്കുന്നത് ആരോടാണെന്ന് നോക്കണം.. നിങ്ങളുടെ ലെവലിലോ നിങ്ങളെക്കാള്‍ താഴ്ന്നതെന്ന് തോന്നുന്നവരോടോ മാത്രം പ്രതികരിക്കുക.

  • ഒരു നാടിന്റെ MP എന്നാല്‍ ആ നാട്ടിലെ അയാളുടെ രാഷ്ട്രീയം ഉള്ളവരുടെ മാത്രം MP ആണ്.. അയാളോട് നിര്‍ദ്ദേശങ്ങള്‍ പറയാനും തിരുത്താന്‍ പറയാനും ആ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്ക് മാത്രമേ അവകാശമുണ്ടാകുകയുള്ളൂ..

  • നിങ്ങള്‍ നല്ല ഭാഷയില്‍ കണ്ട ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ഇന്‍ബോക്‌സിലും കമന്റിലും കോളുകളിലുമായി ഏറ്റവും മോശം ഭാഷയില്‍ 1000 തെറ്റുകളുമായി ഒരു പട തന്നെ വരും.

  • നേരില്‍ കാണുന്ന ഒരു തെറ്റിനെതിരെ നിങ്ങള്‍ പറയാന്‍ പോകുകയാണെങ്കില്‍ ആ വര്‍ഷം ആ സംസ്ഥാനത്ത് നടന്ന എല്ലാ തെറ്റുകളെയും പറ്റി അന്വേഷിച്ച് പഠിച്ച് സീനിയോരിറ്റി അടിസ്ഥാനത്തില്‍ അതിനെ പറ്റിയൊക്കെ പറഞ്ഞ്.. ഏറ്റവും ഒടുവില്‍ നിര്‍ബന്ധമെങ്കില്‍ മാത്രം നിങ്ങള്‍ ‘നേരില്‍’ കണ്ട തെറ്റിനെ പറ്റി പറയുക.

    കേരളത്തില്‍ നിങ്ങള്‍ പറഞ്ഞതും ചെയ്തതും 110% ശെരിയായ കാര്യമാണെങ്കിലും നിങ്ങളുടെ കൂടെ ആത്മാര്‍ത്ഥമായി നില്‍ക്കാന്‍ വളരെ ചുരുക്കം വിരലില്‍ എണ്ണാവുന്നത്ര പേര്‍ മാത്രമേ കാണു.!

  • നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനെ പറ്റിയോ അയാളുടെ കൂടെ ഉള്ളവരെ പറ്റിയോ സംസാരിച്ചാല്‍ പിന്നെ നിങ്ങളെ പറ്റി നിങ്ങള്‍ പോലുമറിയാത്ത നൂറുകണക്കിന് ആരോപണങ്ങളും വാര്‍ത്തകളും കേള്‍ക്കേണ്ടി വരും.!

  • ഒരു ജനപ്രതിനിധിയുടെ അനിഷ്ടം കാരണം ഒരാളുടെ ജോലി പോകുന്ന വിഷയത്തില്‍ നിങ്ങളിടപെട്ടാല്‍ നിങ്ങളുടെ ജോലി കളയിക്കാന്‍ പൈനായിരം പേര്‍ പാഞ്ഞു വരും.!

  • രാഷ്ട്രീയക്കാരന്‍ അധികാര ഗര്‍വ്വ് കാണിച്ച് ഒരാളുടെ ജോലി കളയിച്ചാലും അടിമകളായ അണികള്‍ പ്രചരിപ്പിക്കുന്നത് അത് നേതാവിന്റെ തെറ്റല്ല മറിച്ച് അയാള്‍ ജോലി കളയിക്കാന്‍ ശ്രമിക്കുന്ന സമയത്ത് അത് ചോദ്യം ചെയ്തവന്റെ തെറ്റാണെന്ന്..!

  • രാഷ്ട്രീയക്കാരന്റെ തെറ്റിനെ പറ്റി മിണ്ടിയാല്‍ പിന്നെ നിങ്ങള്‍ ഒരു ഇറച്ചിക്കടയില്‍ തൂങ്ങി നില്‍ക്കുന്ന പോത്തിന്റെ ഗണത്തിലേക്ക് മാറും.. നിങ്ങടെ ഓരോ അവയവത്തിനും ആളുകള്‍ അവകാശവുമായി ഇന്‍ബോക്‌സിലും കോളിലും വരും.. നിന്റെ മുട്ടുകാല്.. നിന്റെ തല.. നിന്റെ കണ്ണ്.. നിന്റെ കാലിന്റെ ചിരട്ട.. നിന്റെ ചോര.. അങ്ങനെ അങ്ങനെ ഓരോ പാര്‍ട്ട്‌സിനും ആളുണ്ടാവും..! കൊല്ലാന്‍ തയാറുള്ള അറവുകാരുമുണ്ടാകും..!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News