പെഗാസസ് വിധി; സ്വാഗതം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ജിക്കാരും

പെഗാസസ് വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ജിക്കാരും. കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പൊതു അഭിപ്രായമാണ് പ്രതിപക്ഷ നേതാക്കളും ഹര്‍ജിക്കാരും പങ്കുവച്ചത് . വിധി നിര്‍ണായക ചുവടുവയ്പ്പാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്‍റെ അമിതാധികാര പ്രവണതയ്ക്ക് സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയായി സുപ്രീംകോടതി വിധിയെ ഉയര്‍ത്തിക്കാട്ടുകയാണ് പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ജിക്കാരും. വിധി ശരിയായ ദിശയിലുള്ളതെന്ന് സിപിഐഎം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കാഞ്ഞത് തെറ്റുകാരായതിനാലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, അമിത് ഷായ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കുറ്റപ്പെടുത്തി.

വിധി കേന്ദ്ര സര്‍ക്കാരിനുള്ള താക്കീതാണെന്ന് സിപിഐ പ്രസ്താവനയില്‍ പറഞ്ഞു. നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഈ വിധി ,ദേശ സുരക്ഷയുടെ പേരില്‍ ഭരണകൂടം മൗലികാവകാശങ്ങള്‍ക്ക് മേല്‍ നടത്തുന്ന കടന്നാക്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കേസിലെ ഹര്‍ജിക്കാരനും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് എം പി അഭിപ്രായപ്പെട്ടു.

പത്ര സ്വാതന്ത്ര്യത്തെക്കൂടി ഉയര്‍ത്തിപ്പിടിക്കുന്ന വിധയെന്നായിരുന്നു ഹര്‍ജിക്കാരനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്‍റെ പ്രതികരണം.

വിധി സ്വാഗതം ചെയ്ത ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ഫോണ്‍ ചോര്‍ത്തല്‍ മോദി സര്‍ക്കാരിന്‍റെ വാട്ടര്‍ ഗേറ്റായേക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചടിയേറ്റെങ്കിലും അന്വേഷണത്തെ പരസ്യമായി എതിര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ബിജെപി. സുതാര്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി കേന്ദ്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News