ആത്യന്തികമായി അനുപമയുടെ അച്ഛന്‍ ചെയ്തതിനോട് എനിക്കു യോജിപ്പില്ല… പക്ഷെ ?

പേരൂര്‍ക്കടയിലെ കുഞ്ഞിന്റെ ദത്ത് വിഷയത്തില്‍ പ്രതികരണവുമായി അനുപമയുടെ കുടുംബ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ എന്‍ വി അജിത്ത്.

അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന്‍ ചെയ്തതിനോട് യോജിപ്പില്ലെന്നും പക്ഷേ അത്തരമൊരവസ്ഥയില്‍ മറ്റെന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയില്‍ ഉത്തരവുമില്ലെന്നും അജിത്ത് ഫെയ്‌സ്ബുക്കില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

ആ പിതാവിനെ എനിയ്ക്കറിയാം.
കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം…
അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തിൽ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു.
അതുകൊണ്ടു തന്നെ അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു.
ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു…
അവൾക്കിഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാൾ.
അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:
ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?
ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.
പാർട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛൻ , അവസാന നാളുകളിൽ മറവി രോഗം പിടിപെട്ട് വീട്ടിൽ നിന്നും ഇറങ്ങി, ഏതോ ബസ്സിൽ കയറി എവിടേയ്ക്കോ പോകുമ്പോൾ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളിൽ അന്വേഷിച്ച്‌ ഒടുവിൽ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകൻ…
തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാൻ അയാൾ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാർട്ടി സഖാവായ അമ്മയോ ജേഷ്‌ഠനോ ആയിടയ്ക്ക് ബാങ്കിൽ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എങ്കിലും അയാൾ വിവാഹത്തിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങൾ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവൻ, പിന്നീടയാൾക്ക് തുണയായി നിന്നു.
പത്തോളം ബ്ലോക്കുകൾ നീക്കം ചെയ്തു തുന്നിചേർത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ അയാൾ മരണപ്പാച്ചിൽ തുടങ്ങി. കഠിനമായ സമ്മർദ്ദത്തിൽ പലരുമായും തർക്കങ്ങളിൽ ഏർപ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗൺസിലിംഗ് സെന്ററുകളിൽ കയറിയിറങ്ങുമ്പോൾ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.
ഇന്നലെയും വൈകുന്നേരം ടിവിയിൽ വന്നിരുന്ന് , അച്ഛൻ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്പോൾ , മുട്ടിൽ ഇഴയുന്ന പ്രായം മുതൽക്കു അവളെ കാണുന്ന എന്റെ മനസ്സിൽ വരുന്നൊരു സംശയമിതാണ് .
ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സർജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവൾക്കും അറിവുള്ളതല്ലേ…
അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?
NB: ആത്യന്തികമായി അയാൾ ചെയ്തതിനോട് എനിക്കു യോജിപ്പില്ല. പക്ഷെ അത്തരമൊരവസ്ഥയിൽ മറ്റെന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയിൽ ഉത്തരവുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News