ബംഗ്ലാദേശിനെ വീഴ്ത്തി ഇംഗ്ലണ്ട് ; ജയം 8 വിക്കറ്റിന്

ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ മറികടന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജെയ്സൻ റോയി തകർത്തടിച്ചതോടെ ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തി. 35 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കിയാണ് ഇംഗ്ലണ്ട് വിജയം നേടിയത്. സൂപ്പർ 12 ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

ബംഗ്ലാദേശിന്റെ രണ്ടാം തോൽവിയും.ഇംഗ്ലിഷ് ഓപ്പണർ ജെയ്സൻ റോയി 38 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്തു. രാജ്യാന്തര ട്വന്റി20യിൽ ജെയ്സൻ റോയിയുടെ ഏഴാം അർധസെഞ്ചുറിയാണിത്. 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 18 റൺസെടുത്ത ഓപ്പണർ ജോസ് ബട്‍ലറാണ് ഇംഗ്ലിഷ് നിരയിൽ പുറത്തായ മറ്റൊരു താരം.

ബട്‍ലർ പുറത്തായശേഷം വൺഡൗണായെത്തിയ ഡേവിഡ് മലാനും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം വിക്കറ്റിൽ ജെയ്സൻ റോയി – ഡേവിഡ് മലാൻ സഖ്യം 48 പന്തിൽ കൂട്ടിച്ചേർത്തത് 73 റൺസ്. മലാൻ 25 പന്തിൽ മൂന്നു ഫോറുകൾ സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. ജോണി ബെയർസ്റ്റോ നാലു പന്തിൽ എട്ടു റൺസുമായി കൂട്ടുനിന്നു. ബംഗ്ലാദേശിനായി ഷോറിഫുൽ ഇസ്‍ലാം, നാസും അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 124 റൺസെടുത്തത്. 30 പന്തിൽ മൂന്നു ഫോറുകൾ സഹിതം 29 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ മഹ്മൂദുല്ല 24 പന്തിൽ 19 റൺസുമെടുത്തു. റഹിം മൂന്നു ഫോറും മഹ്മൂദുല്ല ഒരു ഫോറും നേടി. നാലാം വിക്കറ്റിൽ റഹിം – മഹ്മൂദുല്ല സഖ്യം കൂട്ടിച്ചേർത്ത 37 റൺസാണ് ബംഗ്ലാ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്.

ലിട്ടൺ ദാസ് (എട്ടു പന്തിൽ ഒൻപത്), മുഹമ്മദ് നയീം (ഏഴു പന്തിൽ അഞ്ച്), ഷാക്കിബ് അൽ ഹസൻ (ഏഴു പന്തിൽ നാല്), അഫീഫ് ഹുസൈൻ (ആറു പന്തിൽ അഞ്ച്), മെഹ്ദി ഹസൻ (10 പന്തിൽ 11), നൂറുൽ ഹസൻ (18 പന്തിൽ 16), മുസ്താഫിസുർ റഹ്മാൻ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

വാലറ്റക്കാരൻ നസൂം അഹമ്മദ് ഒൻപതു പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു. ആദിൽ റഷീദ് എറിഞ്ഞ 19–ാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം നസൂം അഹമ്മദ് അടിച്ചെടുത്തത് 17 റൺസാണ്.

ഇംഗ്ലണ്ടിനായി ടൈമൽ മിൽസ് നാല് ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മോയിൻ അലി മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയും ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രിസ് വോക്സിന്റെ ബോളിങ്ങും ശ്രദ്ധേയമായി. നാല് ഓവറിൽ 35 റൺസ് വഴങ്ങിയ ആദിൽ റഷീദ് നിരാശപ്പെടുത്തി. താരത്തിന് വിക്കറ്റൊന്നും ലഭിച്ചുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News