കെ റെയിലിനെതിരെ കൈകോര്‍ത്ത് ബിജെപി – യുഡിഎഫ് – ആര്‍എംപി സഖ്യം

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെതിരെ കൈകോര്‍ത്ത് ബിജെപി – യുഡിഎഫ് – ആര്‍എംപി സഖ്യം. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്യില്ലാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ബിജെപി – യുഡിഎഫ് അവിശുദ്ധ സഖ്യം പരസ്യമായി തെരുവിലിറങ്ങിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയടക്കം പങ്കെടുപ്പിച്ച്, മോദി സര്‍ക്കാരിന്റെ പിന്തുണകൂടി ഉറപ്പാക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിന്റെ സ്വപ്ന പദ്ധതി നടപ്പാക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസംഗത്തിനാണ് യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് കൈയടിക്കുന്നത്.

റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എല്‍ഡിഎഫിനെതിരെ ബിജെപിയും – ആര്‍എംപിയുമടക്കം ഒന്നിക്കുന്ന കാഴ്ച. കേരളത്തിന്റെ സ്വപ്ന പദ്ധതി ഒരു കാരണവശാലും നടപ്പാക്കാതിരിക്കാന്‍ ബിജെപി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറില്‍ യാത്ര ചെയ്യാനാകുന്ന പദ്ധതിയാണ് വികസന വിരോധ മുന്നണി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി നേതാവ് കെ സുരേഷ്, കെ കെ രമ എംഎല്‍എ, മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്ക്(സില്‍വര്‍ലൈന്‍) അന്തിമാനുമതി നല്‍കുന്നത് വൈകിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍നിന്ന് കഴിഞ്ഞദിവസം ഉണ്ടായത്. അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് കടമെടുക്കുന്നതിന് ഗ്യാരന്റി നല്‍കാനാകില്ലെന്നാണ് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News