പെഗാസസ്: സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരം: എളമരം കരീം എംപി

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ജഡ്ജിമാരുടെയും ഉൾപ്പെടെ നിരവധി പേരുടെ ഫോൺ ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ ചോർത്തി എന്ന വാർത്ത രാജ്യത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുകയുമുണ്ടായി.

എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനോ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനോ സർക്കാർ തയ്യാറായില്ല എന്നുമാത്രമല്ല പെഗാസസ് എന്ന വാക്ക്‌ ഉച്ചരിച്ചാൽ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫാക്കി പ്രസംഗം തടസപ്പെടുത്തുന്ന തീർത്തും ജനാധിപത്യ വിരുദ്ധമായ സർക്കാർ സമീപനത്തിനും പാർലമെന്റ് വേദിയായി.

ഈ വിഷയത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ നേരിട്ടത്തി വിശദീകരണം നൽകാതെ സഭാ സമ്മേളനവുമായി സഹകരിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു എല്ലാ പ്രതിപക്ഷ പാർട്ടികളും. എന്നാൽ സഭയെ അഭിമുഖീകരിക്കാതെ പ്രധാനമന്ത്രി ഒളിച്ചുകളിച്ചു. ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും അതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ല എന്നുമായിരുന്നു കേന്ദ്രസർക്കാറിന്റെ മറ്റൊരു വാദം.

സുപ്രീം കോടതി വിധിയോടെ ഈ വാദങ്ങളെല്ലാം പൊളിയുകയാണ്. പെഗാസസ് വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച ഈ നിഷേധാത്മക നിലപാടിന് കോടതി നൽകിയ മറുപടി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ ബിജെപി സർക്കാരിന്റെ വികൃത മുഖം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടും.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്ക്പോലും കടന്നുകയറാൻ മടിക്കാത്ത കേന്ദ്രസർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് കോടതിയുടെ ഈ ഇടപെടൽ ഒരു പുത്തനുണർവേകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News