കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് അമരീന്ദർ സിംഗ്

പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടെ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബ് നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് അറിവില്ല എന്ന് ക്യാപ്റ്റൻ ഇന്നലെ തുറന്നടിച്ചിരുന്നു.

സമരം ചെയ്യുന്ന കർഷകരെ തനിക്കൊപ്പം നിർത്തുക എന്ന നീക്കവുമായി അമരീന്ദർ സിംഗ് ഇന്ന് കർഷക പ്രശ്നങ്ങൾ കേന്ദ്ര മന്ത്രി അമിത് ഷായുമായി വീണ്ടും ചർച്ച നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബ് മന്ത്രിസഭ പുനസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാക്കളെ കൂടെ നിർത്താനുള്ള നിർണായക നീക്കമാണ് അമരീന്ദർ സിംഗ് നടത്തുന്നത്. ക്യാപ്റ്റൻ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതോടെ പ്രതിസന്ധിയിലാകുന്ന കോൺഗ്രസിന് ഇതും കനത്ത തിരിച്ചടി ആകും.

പഞ്ചാബിൻ്റെ അതിർത്തികളിൽ വലിയ സുരക്ഷാവീഴ്ച സംഭവിക്കുന്നു എന്ന ആരോപണമാണ് ചരൺജിത്ത് സിംഗ് ചെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ക്യാപ്റ്റൻ ആരോപിച്ചത്. പഞ്ചാബിലെ വികസന പ്രവർത്തനങ്ങളിൽ 92% തൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂർത്തിയാക്കി എന്ന് അവകാശപ്പെട്ട ക്യാപ്റ്റൻ പഞ്ചാബിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് അമരീന്ദർ സിംഗ്. പ്രക്ഷോഭത്തിൽ ഏർപ്പെട്ട കർഷകരെ തൻറെ കൂടെ നിലനിർത്തുക എന്ന നീക്കമാണ് അമരീന്ദറിൻ്റെ മുഖ്യ പരിഗണനയിലുള്ളത്. ഇതിൻറെ ഭാഗമായാണ് ഇന്ന് കാർഷിക രംഗത്തെ വിദഗ്ധർക്കൊപ്പം കേന്ദ്ര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തുമെന്ന് അമരീന്ദർ സിംഗ് പ്രഖ്യാപിച്ചത്.

കർഷകരുടെ പ്രശ്നങ്ങൾ ന്യായമായതാണെന്നും ഇതിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ അമരീന്ദർ സിംഗ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെടെ മറ്റു പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News