പെഗാസസ് കേസില്‍ ബിജെപിക്കെതിരെയുള്ള സുപ്രീംകോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
പൗരന്മാരുടെ മേല്‍ സദാ ഒളിഞ്ഞു നോട്ടം നടത്താനുള്ള പെഗാസിസ് എന്ന ഇസ്രായേലി ചാര സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ സുപ്രീം കോടതി നടത്തിയ വിധി അതിപ്രധാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ നിരവധി പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റു പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നു തുടങ്ങി ജഡ്ജിമാരുടെ ഫോണുകളില്‍ പോലും ഈ ചാര സോഫ്റ്റ്വെയര്‍ കടത്തി വിട്ട് ഒളിഞ്ഞു നോക്കുകയായിരുന്നു എന്നത് വെളിച്ചത്ത് കൊണ്ടുവന്നത് ഒരു സംഘം പ്രതിബദ്ധ പത്രങ്ങള്‍ ആയിരുന്നുവെന്ന് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു
പത്രപ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, ജോണ്‍ ബ്രിട്ടാസ് എം പി തുടങ്ങിയവരാണ് ഇക്കാര്യത്തിനായി കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കാം എന്ന് വാഗ്ദാനം ചെയ്തത് തള്ളിക്കളഞ്ഞത് നിര്‍ണായകമാണ്. ഈ ഒളിഞ്ഞു നോട്ടം അതിഭീകരമായ ഫലം ഉണ്ടാക്കാം എന്നാണ് ഈ സമിതിയെ നിയോഗിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്.
ഒളിഞ്ഞു നോട്ടം നടക്കുന്നില്ല എന്ന് സര്‍ക്കാര്‍ വെറുതെ പറയുന്നത് മതിയാവില്ല എന്നും കോടതി പറഞ്ഞത് രൂക്ഷമായ പ്രതികരണമാണ്. ദേശീയ സുരക്ഷ എന്ന പേരില്‍ സര്‍ക്കാരിന് എപ്പോഴും എന്തും ചെയ്യാനാവില്ല എന്നും കോടതി പൊതുവായി നിരീക്ഷിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിര്‍ണായക നിമിഷം ആണിത്’.- എം എ ബേബി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.