നികുതി തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; നികുതി ദായകരുടെ പണം നഷ്ടമാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നികുതി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നികുതി ദായകരുടെ പണം നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണൽ ഓഫീസുകളിലെ കളക്ഷൻ തുക ബാങ്കിൽ ഒടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരും തിരുവനന്തപുരം നഗരസഭയും പ്രാധാന്യത്തോടെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ കുറിപ്പിൻറെ പൂർണ രൂപം;

തിരുവനന്തപുരം നഗരസഭയിലെ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണൽ ഓഫീസുകളിലെ കളക്ഷൻ തുക ബാങ്കിൽ ഒടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരും തിരുവനന്തപുരം നഗരസഭയും പ്രാധാന്യത്തോടെ നടപടികൾ സ്വീകരിച്ചു വരികയാണ്.

സോണൽ ഓഫീസുകളിലെ ചില ജീവനക്കാർ‍ ഇത്തരം തട്ടിപ്പ് നടത്തിയതായി ആദ്യം കണ്ടെത്തിയത് ഇതേ നഗരസഭയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ്.

ശ്രീകാര്യം സോണൽ ഓഫീസിലെ കളക്ഷൻ തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയതായി 2021 ജൂലെെ 16ന് പ്രസ്തുത ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറാണ് ആദ്യം‍ നഗരസഭയ്ക്ക് റിപ്പോർട്ട്ചെയ്തത്. ഇതിന്റെയടിസ്ഥാനത്തിൽ റിപ്പോർട്ട് ലഭിച്ച് മൂന്നാം ദിവസം തന്നെ ജൂലെെ19ന് തുക ബാങ്കിൽ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പ്രസ്തുത സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റഡന്റ് ബിജുവിനെ സർവീസിൽ നിന്ന് സസ്പെന്റ്‍ ചെയ്തു.

തുടർന്ന് എല്ലാ സോണൽ ഓഫീസുകളിലും അടിയന്തിരമായി ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകുവാൻ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് നഗരസഭ കത്തു നൽകി. അതുപ്രകാരം സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്2021 ആഗസ്റ്റ് 18, സെപ്തംബർ 20 തീയതികളിൽ നഗരസഭയ്ക്ക് ലഭിച്ചു. ഇതിനിടയിൽ തന്നെ ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നഗരസഭ 22.07.2021 ന്, ( തട്ടിപ്പു സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച് ആറാം ദിവസം) ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം 1542/2021 നമ്പർ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ പി സി സെക്ഷൻ 420, 409 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഓഡിറ്റ് വിഭാഗത്തിന്റെ 18.08.2021 ലെ കത്തുപ്രകാരം 6 ദിവസത്തെ കളക്ഷൻ തുക നഗരസഭ അക്കൗണ്ടിൽ വരവു വന്നിട്ടില്ലെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട്സ് വിഭാഗം വിശദമായ പരിശോധന നടത്തി. ഇതേത്തുടർന്ന് ശ്രീകാര്യം സോണൽ ഓഫീസിലെ കാഷ്യറായ അനിൽ കുമാറിനെ സസ്പെൻറ് ചെയ്യുകയും അന്നത്തെ ചാർജ്ജ് ഓഫീസർ ശ്രീമതി ലളിതാംബികയോട് (നിലവിൽ കൊല്ലം നഗരസഭ) വിശദീകരണം തേടുകയും ചെയ്തു.

സസ്പെന്റ് ചെയ്യപ്പെട്ട കാഷ്യർക്കും, ഓഫീസ് അറ്റന്റൻഡിനും ചാർജ്ജ് മെമ്മോ നൽകുകയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഓഡിറ്റ് വിഭാഗത്തിന്റെ 20.09.2021 ലെ കത്തുപ്രകാരം നേമം സോണൽ ഓഫീസിൽ നിന്ന് വിവിധ കാലയളവിലെ കളക്ഷൻ തുക നഗരസഭ അക്കൗണ്ടിൽ വരവു വന്നിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആയതിൽ വീഴ്ച വരുത്തിയ പ്രസ്തുത സോണൽ ഓഫീസിലെ സൂപ്രണ്ട് ശ്രീമതി എസ് ശാന്തിയെയും കാഷ്യർ എസ് സുനിതയെയും റിപ്പോർട്ട് ലഭിച്ച് രണ്ടാം ദിവസം തന്നെ (22.09.2021) സസ്പെൻഡ് ചെയ്തു.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നേമം പോലീസ് സ്റ്റേഷനിൽ നഗരസഭ പരാതി നൽകുകയും ക്രൈം 1966/2021 നമ്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഐ പി സി സെക്ഷൻ 468, 471, 420, 409, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ആറ്റിപ്ര സോണൽ ഓഫീസിൽ നിന്ന് ഒരുദിവസത്തെ കളക്ഷൻ തുക അക്കൗണ്ടിൽ അടയ്ക്കാത്തതായി ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഓഫീസിലെ കാഷ്യർക്ക് മെമ്മോ നൽകുകയും മേൽനോട്ട വീഴ്ച വരുത്തിയ അന്നത്തെ ചാർജ്ജ് ഓഫീസർ ശ്രീമതി സുമതിയോട് (നിലവിൽ കൊല്ലം കോർപ്പറേഷൻ) വിശദീകരണം തേടുകയും ചെയ്തു.

തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ഈ ഓഫീസിലെ ചെയിൻമാനായ ജോർജ്ജ് കുട്ടിയെ 29.09.2021 (ഓഡിറ്റ് റിപ്പോ‍ർട്ട് ലഭിച്ച് 9-ാം ദിവസം) സസ്പെന്റ് ചെയ്തു. ഈ ഓഫീസിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താൻ നഗരസഭ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നഗരസഭയുടെ സോണൽ ഓഫീസുകളിൽ നികുതി / നികുതിയേതര വരുമാനമായി ലഭിക്കുന്ന തുക അടുത്ത ദിവസം രാവിലെ കാഷ്യർ തൊട്ടടുത്ത എസ്.ബി.ഐ. ബാങ്കിൽ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിൽ അടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ കാഷ്യർ ഈ സമയത്ത് ഓഫീസിലെ കാഷ് കൗണ്ടറിൽ ആയിരിക്കുമെന്നതിനാൽ ടിയാൾ പൂരിപ്പിച്ചു നൽകുന്ന ചെലാനും തുകയും ഓഫീസിലെ പ്യൂണിനെയോ, മറ്റു ജീവനക്കാരെയോ ഉപയോഗിച്ച് ബാങ്കിൽ കൊണ്ടുപോയി അടയ്ക്കുകയാണ് ചെയ്യാറുള്ളത്.

ബാങ്കിൽ തുക ഒടുക്കി, ചെലാന്റെ കൗണ്ടർ ഫോയിലിൽ ബാങ്കിന്റെ സീൽ പതിപ്പിച്ച് തിരികെ നൽകുകയും അത് നഗരസഭ ഓഫീസിൽ സൂക്ഷിക്കുന്ന രജിസ്റ്ററിൽ ഒട്ടിച്ച് സൂപ്രണ്ട് ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുകയാണ് പതിവ്.

തുക നഷ്ടപ്പെട്ട ദിവസങ്ങളിൽ മുകളിൽ പറഞ്ഞ രീതിയിൽ ബന്ധപ്പെട്ട ജീവനക്കാർ സോണൽ ഓഫീസുകളിൽ നിന്നും ബാങ്കിൽ തുക അടയ്ക്കാൻ കൊണ്ടുപോയി. എന്നാൽ ബാങ്കിൽ അടയ്ക്കാതെ, ബാങ്കിന്റെ കൗണ്ടർ ഫോയിൽ വ്യാജമായി ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

ചെലാൻ കൗണ്ടർ ഫോയിലിൽ മറ്റു സീലുകൾ പതിപ്പിച്ചോ സീലുകളിലാത്ത കൗണ്ടർ ഫോയിൽ തന്നെയോ രജിസ്റ്ററിൽ പതിച്ചുവെയ്ക്കുകയുമാണ് ചെയ്തത്. ഇതിൽ കാഷ്യർ, ബാങ്കിൽ തുക ഒടുക്കാൻ കൊണ്ടുപോയ ജീവനക്കാരൻ, കൗണ്ടർ ഫോയിൽ പരിശോധിച്ച് ഒപ്പിട്ട് രജിസ്റ്റർ സൂക്ഷിക്കുന്ന സൂപ്രണ്ടുമാർ എന്നിവർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കാണാനാവും.

കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ കൺകറന്റ് ഓഡിറ്റ് സംവിധാനം നഗരസഭയ്ക്കുണ്ട്. എന്നാൽ സോണൽ ഓഫീസുകളിൽ വർഷത്തിലൊരിക്കലാണ് ഓ‍ഡിറ്റ് ചെയ്യുന്നത്. 2020-21 വർഷങ്ങളിൽ കോവിഡ് ആയതിനാൽ ടി ഓഡിറ്റ് നടന്നിട്ടില്ല. തുടർന്ന നടന്ന പരിശോധനയിൽ 32,96,954/- രൂപ തട്ടിപ്പു നടന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ഈ തുക കുറ്റക്കാരായ ജീവനക്കാരിൽ നിന്നും ഈടാക്കിയെടുക്കാൻ നടപടി സ്വീകരിക്കും. വകുപ്പുതല അന്വേഷണവും പോലീസ് തല അന്വേഷണവും ഊർജ്ജിതമാക്കി കുറ്റക്കാർക്കെതിരെ ശക്തമായ അച്ചടക്ക നടപടികളും നിയമനടപടികളും കൈക്കൊള്ളും.

ഇപ്പോൾ മൂന്നു പോലീസ് സ്റ്റേഷനിലായി മൂന്ന് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. പ്രധാന പ്രതികളായി കണ്ടെത്തിയ നാലുപേരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പ്രതികളെ അറസ്റ്റു ചെയ്തും പണം തിരിമറി സംബന്ധിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ച് കേസിന്റെ അന്വേഷണം പരമാവധി വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു.

ഇത്തരം തട്ടിപ്പുകൾ ഭാവിയിൽ നടക്കാതിരിക്കാൻ ആവശ്യമായ ഔദ്യോഗികമായ നടപടികൾ നഗരസഭയിൽ സ്വീകരിച്ചിട്ടുണ്ട്. ഇതിന് വ്യക്തമായ നടപടിക്രമം നഗരസഭ തയ്യാറാക്കി 2021 സെപ്തംബർ 22, 23 തീയതികളിൽ വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

നികുതിദായകർ നഗരസഭയിൽ അടച്ച തുകയ്ക്ക് അവർക്ക് രസീതുകൾ നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നികുതിദായകർക്ക് തുക നഷ്ടപ്പെടുകയോ അവർ വീണ്ടും തുക അടയ്ക്കുകയോ ചെയ്യേണ്ടിവരില്ല. നികുതിദായകർക്ക് രസീത് നൽകി സോണൽ ഓഫീസുകളിൽ സ്വീകരിച്ച തുക നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തുകയാണ് ചില ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ നികുതിദായകരെ സംബന്ധിച്ചിട ത്തോളം അവരടച്ച പണത്തിന് രസീത് ഉള്ളതിനാൽ അവരുടെ പണം നഷ്ടപ്പെടുമെന്നോ വീണ്ടും അടയ്ക്കേണ്ടി വരുമോയെന്ന ആശങ്ക ഉണ്ടാകേണ്ടതില്ല.

നികുതി ദായകർ അടച്ച പണം നഗരസഭ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുക്കാൻ ശ്രമിച്ചവരിൽ നിന്നും ആ തുക നിയമനടപടികളിലൂടെ നഗരസഭ ഈടാക്കുന്നതാണ്. അതുകൊണ്ടു തന്നെ നഗരസഭയ്ക്കും നഷ്ടമുണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ല.

ഏതെങ്കിലും നികുതിദായകരെ സംബന്ധിച്ചിടത്തോളെ അവരടച്ച തുകയുടെ രസീത് കൈവശമില്ലെങ്കിലും ഇതേക്കുറിച്ച് ആശങ്ക ഉണ്ടാകേണ്ടതില്ല. കാരണം നികുതിദായകരിൽ നിന്ന് സ്വീകരിച്ച പണത്തിന് നഗരസഭയുടെ സോണൽ ഓഫീസുകളിൽ രേഖയുണ്ട്. ആയത് നഗരസഭയുടെ ഇതിനായുള്ള സോഫ്റ്റ് വെയറിൽ പോസ്റ്റ് ചെയ്യുന്ന മുറയ്ക്ക് ഓൺലൈനിലും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ഇതിനുള്ള നടപടികൾ നഗരസഭ ഇപ്പോൾ അതിവേഗതയിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here