ഹൃദയത്തിൽ ഇടംപിടിച്ച് ‘ദർശന’; പാട്ടിന് പിന്നിൽ ഹിഷാമിന്റെ രണ്ട് വർഷങ്ങൾ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൃദയം സിനിമയിലെ ആദ്യ ഗാനമായ ‘ദർശന’യെ ഇരുകയ്യും നീട്ടിയാണ് ചലച്ചിത്ര പ്രേക്ഷകർ സ്വീകരിച്ചത്.

ഒരു ചലച്ചിത്ര ഗാനം പുറത്തിറങ്ങുക. നിമിഷങ്ങൾക്കകം, പേർസണൽ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് എത്തുംവിധം കേൾവിക്കാരന്റെ മനസ്സിന്റെ ആഴങ്ങളിൽ കടന്നുചെല്ലുക. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മലയാളക്കര നെഞ്ചോടു ചേർത്ത ഗാനമാണ് ‘ഹൃദയം’ സിനിമയിലെ ‘ദർശന’.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മലയാളി ശ്രോതാക്കൾ അഞ്ച് ക്കോടിയോളം തവണ കേട്ടുകഴിഞ്ഞ ഗാനം, വൈറൽ എന്ന വാക്കിനുമപ്പുറമെത്തിക്കഴിഞ്ഞു. ഒരാൾ തന്നെ ഇടതടവില്ലാതെ, പരിധികളില്ലാതെ എത്രത്തോളം കേട്ടിട്ടുണ്ടാവണം എന്നാർക്കും പറയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.

2019 ജൂലൈയിൽ ഹിഷാം അബ്ദുൾ വഹാബിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോ മുറിയിൽ വച്ചാണ് ‘ദർശന’ എന്ന പാട്ടിന്റെ പിറവി.

“കഴിവുറ്റ സാങ്കേതിക വിദഗ്ധരുടെയും സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ‘ഹൃദയം’. ആളുകൾ നെഞ്ചോട് ചേർത്ത് സൂക്ഷിക്കുന്ന ഒരനുഭവം എല്ലാവർക്കും നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ഈ സിനിമ, ഞങ്ങളുടെ ഹൃദയം, എല്ലാം ഞങ്ങൾ നിങ്ങൾക്ക് നൽകുകയാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദൈവാനുഗ്രഹത്താൽ ഓഡിയോ കാസറ്റുകളും ഹൃദയം എന്ന ഞങ്ങളുടെ സിനിമയും ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ ഞങ്ങളുടെ ഹൃദയത്തിന്റെ ചെറിയ ചെറിയ നുറുങ്ങുകൾ നിങ്ങളെത്തേടി എത്തിക്കൊണ്ടിരിക്കും.” എന്ന് ചിത്രത്തിന്റെ സംവിധായൻ കൂടിയായ വിനീത് ശ്രീനിവാസൻ പറയുന്നു.

ഹൃദയം സിനിമക്കായി പ്രവർത്തിച്ചത് രണ്ടു വർഷമാണ്. 2019 ജൂലൈയിൽ ആദ്യ ഡെമോ ചെയ്തു. ഞങ്ങൾ ദർശനയുടെ ഏകദേശം 35 വേർഷനുകൾ ചെയ്തു. ഇപ്പോൾ കേൾക്കുന്നത് 35-ാമത്തെ പകർപ്പാണെന്ന് ഹിഷാം പറയുന്നു.

ഒരു റിയാലിറ്റി ഷോയിൽ തുടങ്ങി മലയാള സിനിമാഗാന ശാഖയ്ക്ക് പരിചിതനായ ഹിഷാം അബ്‍ദുൾ വഹാബ് എന്ന സംഗീത സംവിധായകനായ യുവ ഗായകന്റെ മാസ്മരിക ശബ്ദവും സംഗീതവുമാണ് മലയാളി അക്ഷരാർത്ഥത്തിൽ സ്വന്തം ഹൃദയത്തിൽ വിളക്കിച്ചേർത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News