കുട്ടികള്‍ക്കെതിരായ അക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം – മുഖ്യമന്ത്രി

കുട്ടികള്‍ക്കെതിരായ അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്കു പരിശീലനം നല്‍കാന്‍ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനം കൈക്കൊള്ളും.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കാര്യത്തില്‍ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കീഴില്‍ ഏകോപനത്തോടെ പരിപാടികള്‍ നടപ്പാക്കും. ഈ വകുപ്പുകള്‍ ചേര്‍ന്ന് സമഗ്രമായ ജൻഡര്‍ സെന്‍സിറ്റൈസേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തില്‍ ക്രോഡീകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യണം.

ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണം. മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പ് അംഗണവാടി പഠനസാമഗ്രികളുടെ ജന്റര്‍ ഓഡിറ്റ് നടത്തിയ മാതൃകയില്‍ മുഴുവന്‍ പാഠപുസ്തകങ്ങളും ജന്റര്‍ ഓഡിറ്റിംഗ് നടത്താന്‍ വിദ്യാകിരണം മിഷനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്ജ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News