ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍  ഇ ഡി നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഉറപ്പായിട്ടും ജാമ്യം ലഭിക്കാതിരിക്കാന്‍ അവസാന ദിവസം വരെ തൊടുന്യായങ്ങള്‍ ആണ് ഇഡി നിരത്തിയത്.

ഒരു കൊല്ലത്തിലധികം ജയിലില്‍ കിടത്തിയിട്ടും കളളപണക്കേസില്‍ ബിനീഷിനെ ബന്ധിപ്പിക്കാന്‍ യാതൊരു തെളിവും ഹാജരാക്കാന്‍ ഇതുവരെ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല.

2021 ഫെബ്രുവരി 23 ന് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും, മയക്കുമരുന്ന് കേസിന് അനുബന്ധമായി ഇഡി ചാര്‍ജ് ചെയ്ത കളളപണകേസില്‍ ജാമ്യം ലഭിക്കാന്‍ പിന്നെയും 8 മാസമെടുത്തു.

ഒരു വര്‍ഷത്തിലധികം സമയം ബിനീഷിനെ ജയിലില്‍ കിടത്തിയിട്ടും ബിനീഷിനെതിരെ കാര്യമായ തെളിവൊന്നും കണ്ടെത്താന്‍ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല. ബംഗളൂരുവില്‍ ഹോട്ടല്‍ വ്യവസായം ആരംഭിക്കാന്‍ അനൂപ് മുഹമ്മദിന് കൊടുത്ത തുകയുടെ അക്കൗണ്ട് ഡീറ്റെയില്‍സ് എല്ലാം എന്‍ഫോ‍ഴ്സ്മെന്‍റ് മുന്‍പാകെ ബിനീഷ് തന്നെ മുന്‍പ് സമര്‍പ്പിച്ചതാണ്. അനുപ് മുഹമ്മദിന്‍റെ അക്കൗണ്ടില്‍ നിന്ന് ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് പണം വന്നു എന്ന് സ്ഥാപിക്കാന്‍ ഇഡിക്ക് ക‍ഴിഞ്ഞിട്ടും ഇല്ല. മാത്രമല്ല മയക്കുമരുന്ന് ബിസിനസിന് ആരെങ്കിലും പണം രേഖ മൂലം നല്‍കുമോ എന്ന ചോദ്യത്തിനും ഇഡിക്ക് ഉത്തരം മുട്ടി.

മയക്കുമരുന്ന് ബിസിനെസിലൂടെ ലഭിച്ച ലാഭം ബിനീഷിന് അനൂപ് മുഹമ്മദ് നല്‍കിയിട്ടുണ്ടെന്ന ഇഡി കുറ്റപത്രം ഇതോടെ ആവിയാകുമെന്നത് ഉറപ്പ്. പണം കൈമാറ്റം ചെയ്തതിന് രേഖയില്ലെന്ന് വ്യക്തമായതോടെ കൃതൃമ തെളിവ് ഉണ്ടാക്കാനായിരുന്നു ഇഡിയുടെ അടുത്ത ശ്രമം. ബിനീഷിന്‍റെ മരുതംകു‍ഴിയിലെ വീട്ടില്‍ അനൂപ് മുഹമ്മദിന്‍റെ എടിഎം ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വെച്ച ശേഷം റിക്കവര്‍ ചെയ്യാനുളള ശ്രമവും പാളി.

ബിനീഷിന്‍റെ ഭാര്യയെ കൊണ്ട് രേഖകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഒപ്പിടിപ്പിക്കാനുളള ശ്രമത്തിന് വ‍ഴങ്ങാതായതോടെ ഇഡിയുടെ വ്യാമോഹവും പൊളിഞ്ഞു. കസ്റ്റഡിയില്‍ വെച്ച് മൂത്രം ഒ‍ഴിക്കാന്‍ വിടാതെ 10 മുതല്‍ 14 മണിക്കൂറിലധികം സമയം ചോദ്യം ചെയ്യുക എന്നതായിരുന്നു മറ്റൊരു തന്ത്രം. സഹികെട്ട് എല്ലാം ബിനീഷ് സമ്മതിക്കുമെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ക്ക് തെറ്റി. എത്ര സഹിച്ചാലും അവര്‍ പറയുന്ന ഒന്നും സമ്മതിക്കില്ലെന്ന് വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് പക വര്‍ദ്ധിച്ചു.

ഉന്നതതല സമ്മര്‍ദ്ദം ഉണ്ടായിട്ടും ബിനീഷിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥനെ മാറ്റി രാഹുല്‍ സിന്‍ഹ എന്ന ജോയിന്‍ ഡയറക്ടറെ രായ്ക്ക് രാമാനം സ്ഥലം മാറ്റി ബെംഗ്ലരുവിലേക്ക് നിയോഗിച്ചു. ചാര്‍ജ്ജ് എടുക്കുന്ന അന്നേ ദിവസം തന്നെ ബിനീഷ് അറസ്റ്റിലുമായതോടെ കേന്ദ്ര സര്‍ക്കാരിന്‍റെ താല്‍പര്യം വ്യക്തമായിരുന്നു. ഇതിനിടയിലാണ് നര്‍ക്കോര്‍ട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് പ്രതിയല്ലെന്ന് കുറ്റപത്രം നല്‍കിയത്. ഇതോടെ ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെ നിയമത്തിന്‍റെ സാങ്കേതിക പ‍ഴുതുകള്‍ ഉപയോഗിച്ച് ജാമ്യം നിഷേധിക്കാനായി അടുത്ത ശ്രമം.

ബംഗ‍ളൂരുവിലെ ഇഡി അഭിഭാഷകന് പകരം ബിനീഷിനെതിരായ കേസ് വാദിക്കാന്‍ വന്നത് രാജ്യത്തിന്‍റെ അഢീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും, അമന്‍ ലേഖിയും നേരിട്ടെത്തി. അഢിഷണല്‍ സോളിസിറ്റര്‍ ജനറലാകും മുന്‍പ് അമിത് ഷായുടെ സ്വകാര്യ അഭിഭാഷകനായിരുന്നു എസ് .വി രാജുവെങ്കില്‍, ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയുടെ ഭര്‍ത്താവാണ് അമന്‍ ലേഖി.

കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഈ കേസില്‍ ശ്രദ്ധിച്ചിരുന്നുവെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. രാവിലെ കേസ് വിളിക്കുമ്പോള്‍ ബിനിഷിന്‍റെ കേസ് കോടതിയിലെ അവസാനത്തെ കേസ് ആയി പരിഗണിക്കാന്‍ ഇഡി അഭിഭാഷകനായ അഡി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെടും. കോടതി പിരിയാന്‍ പരിമിതമായ സമയം മാത്രം ബാക്കിയുളളപ്പോള്‍ തനിക്ക് 4 മണിക്കൂര്‍ വാദിക്കാനുണ്ട്. അതിനാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റാന്‍ ആവശ്യപ്പെടും. ദിവസങ്ങള്‍ ക‍ഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറ്റെന്തെങ്കിലും തൊടുന്യായം പറഞ്ഞ് കേസ് വീണ്ടും മാറ്റും. ഇങ്ങനെ 50 അധികം തവണ ബിനീഷിന്‍റെ കേസ് ജാമ്യത്തിനായി മാറ്റി.

ഒരു ജഡ്ജിക്ക് മുന്‍പില്‍ വാദം പറയുക , അത് പരമാവധി നീട്ടി അദ്ദേഹത്തിന്‍റെ റെട്ടേഷന്‍ അവസാനിക്കും വരെ നീട്ടി കൊണ്ട് പോകുക എന്നതായിരുന്നു അടുത്ത തന്ത്രം . കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാരായ കെ.നടരാജ്, എസ്.ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് നവാസ്, ബജേദ്രി, ഉമ എന്നീങ്ങനെ അഞ്ചോളം ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. അവസാനം വാദം എ‍ഴുതി നല്‍കാതെയും കേസ് നീട്ടാന്‍ ശ്രമിച്ചു.

നിലവിലത്തെ ജഡ്ജിയായ ഉമയുടെ റൊട്ടേഷന്‍ ഈ മാസം അവസാനിച്ചാല്‍ കേസ് വീണ്ടും അടുത്ത ബെഞ്ചിലേക്ക് നീളുമെന്നതായിരുന്നു ഇഡിയുടെ പ്രതീക്ഷ . എന്നാല്‍ ജസ്റ്റിസ് ഉമയുടെ കാര്‍ക്കശം ഒന്ന് കൊണ്ട് മാത്രമാണ് അവസാനം നിവര്‍ത്തി കെട്ട് വാദം എ‍ഴുതി നല്‍കിയതും, അത് പരിശോധിച്ച കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതും. കേസിലെ മുഖ്യപ്രതികള്‍ പോലും ബിനീഷിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്ന് ഇരിക്കെ ബിനീഷിനെ എന്തിന് വേണ്ടി ഒരു കൊല്ലം ജയിലിടച്ചു എന്ന ചോദ്യമാണ് ഇനി വിചാരണ കോടതിയില്‍ ബിനീഷിന്‍റെ അഭിഭാഷകര്‍ ഉന്നയിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News