ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി നവംബർ രണ്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നവംബർ ഒന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഞായറാഴ്ച (ഒക്ടോബർ 31) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
നിലവിൽ ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും സമീപം സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പടിഞ്ഞാറു ദിശയിലെ സഞ്ചാരം തുടരാനാണ് സാധ്യതയെന്നും തെക്ക് കിഴക്കൻ അറബിക്കടലിലെ നിലവിലുള്ള ചക്രവാതചുഴി ദുർബലമായതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നൽ സാധ്യത കൂടുതൽ. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം
തുണികൾ എടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്.
ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം.സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.