പ്രകൃതി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സഞ്ചിത നിധി രൂപീകരിക്കും; മന്ത്രി പി.പ്രസാദ്

സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് .ആഗോള താപനത്തെ തുടർന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

അടിക്കടിയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങൾ കാര്‍ഷികോല്പാദനത്തെയും കാർഷിക സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്. വിളനാശത്തിലൂടെയുണ്ടാകുന്ന കർഷകന്റെ നഷ്ടം നികത്താൻ സഞ്ചിത നിധി ഏറെ സഹായകമാകും. കൃഷി നാശത്തിനു പുറമെ കൃഷി ഭൂമി പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്.

നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനു കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികൾ കൃഷി വകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ട്.

കൃഷി വകുപ്പിന്റെ Online സംവിധാനമായ AIMS പോർട്ടൽ വഴി ലഭ്യമായ പ്രാഥമിക വിവര ശേഖരണ റിപ്പോർട്ട് പ്രകാരം 12/10/2021 മുതൽ 28/10/2021 വരെ 451.65 കോടി രൂപയുടെ വിളനാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, റബ്ബർ എന്നീ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിരിക്കുന്നത്.

പ്രകൃതിക്ഷോഭം ഉണ്ടായ സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നതിനും നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തുന്നതിനും അടിയന്തിര ഇടപെടലുകൾക്കുമായി എല്ലാ ജില്ലകളിലും സംസ്ഥാന ആസ്ഥാനത്തും കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്തി കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി ഫീൽഡ് പരിശോധനകൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു വരികയാണ്.

പ്രകൃതിഷോഭം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന പ്രകൃതിദുരന്തങ്ങൾക്കായുള്ള അടിയന്തിര പരിപാടി എന്നപദ്ധതി പ്രകാരം നഷ്ട പരിഹാരം ലഭ്യമാക്കുന്നതാണ്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമുള്ള നഷ്ട പരിഹാരവും ലഭ്യമാക്കുന്നതാണ്.

വിതച്ച നെല്ല് നഷ്ടപ്പെട്ടുപോയ കർഷകർക്ക് വിള വീണ്ടും ഇറക്കുന്നതിനായി പ്രകൃതി ദുന്തങ്ങൾക്കായുള്ള അടിയന്തിര പരിപാടി പദ്ധതി പ്രകാരം നെൽവിത്ത് സൗജന്യമായി നല്കുന്നതിനുള്ള ക്രമീകരണം കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മുഖേന നടത്തിയിട്ടുണ്ട്. കൃഷി വകുപ്പിലൂടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ മുഖേനയും നടപ്പിലാക്കുന്ന വിവിധ കാർഷിക വികസന പദ്ധതികളിലൂടെ വളം ഉൾപ്പെടെയുള്ള ഉല്പാദന ഉപാധികൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും ഉരുൾ പൊട്ടി കൃഷിയിടം ഒലിച്ചുപോയി ഉണ്ടാകുന്ന നഷ്ടത്തിനും, മടകളുടെ പുനർ നിർമ്മാണത്തിനുമുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട ജില്ലാ കളക്ടർ മുഖേന സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ലഭ്യമാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഫസൽ ഭീമ യോജന ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് കർഷകർക്കുള്ള പരാതികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ നാദാപുരം എം.എൽ.എ ഇ. കെ .വിജയൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News