കന്നടയിലെ ‘പവർസ്റ്റാർ’; പുനീതിന് കണ്ണീരിൽ കുതിർന്ന വിട…

കന്നട സൂപ്പർ താരം പുനീത് രാജ്കുമാറി(46)ന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് ആരാധകർ. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം.

കന്നട സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ‘പവർ സ്റ്റാർ’ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985-ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സഹോദരൻ ശിവരാജ് കുമാറും കന്നട സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975-ൽ ചെന്നൈയിലാണ് പുനീത് ജനിച്ചത്. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബെട്ടദ ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചു. 2002 ൽ ‘അപ്പു’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം.

അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചു. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധകര്‍ അക്രമാസക്തരായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News