കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകം; അയല്‍വാസിയായ പ്രതി പിടിയില്‍

പാലക്കാട് കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയില്‍. അഞ്ച് വര്‍ഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

2016 നവംബര്‍ 14 നാണ് കടമ്പഴിപ്പുറം കണ്ണുകുറുശി വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരും ഭാര്യ തങ്കമ്മയും കൊല്ലപ്പെടുന്നത്. വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടത്തിയത് അയല്‍വാസിയായ രാജേന്ദ്രനാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം സംഘം അഞ്ച് വര്‍ഷത്തിനു ശേഷം കണ്ടെത്തിയത്.

ഗോപാലകൃഷ്ണന്‍നായരുടെ ശരീരത്തില്‍ എണ്‍പതിലേറെ വേട്ടേറ്റ മുറിവുകളും തങ്കമ്മയുടെ ശരീരത്തില്‍ നാല്‍പതില്‍പരം വെട്ടേറ്റ മുറിവുകളുമുണ്ടായിരുന്നു. കവര്‍ച്ചയ്ക്കിടെ അയല്‍വാസിയായ രാജേന്ദ്രന്‍ കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി വിച്ഛേദിച്ച് വീടിന്റെ ഓടിളക്കി അകത്ത് കടന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധമാരംഭിച്ചതോടെ ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

സംഭവ സ്ഥലത്ത് രഹസ്യമായി താമസിച്ചാണ് ക്രൈംബ്രാഞ്ച് കേസ് തെളിയിച്ചത്. രണ്ടായിരത്തിലേറെ പേരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സമീപവാസികളുടെ വിരലടയാളവും ഫോണ്‍ രേഖകളുമെല്ലാം വിശദമായി പരിശോധിച്ചു.

ചെന്നൈയിലും കടമ്പഴിപ്പുറത്തുമായി താമസിച്ചിരുന്ന പ്രതി രാജേന്ദ്രന്റെ മൊഴി അന്വേഷണ സംഘം പല തവണ രേഖപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് രാജേന്ദ്രനാണ് കൊലപതാകിയെന്ന് വ്യക്തമായത്. ആറരപ്പവന്‍ സ്വര്‍ണ്ണവും നാലായിരം രൂപയും മോഷണം പോയിരുന്നു. വിശദമായ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News