ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ദിവസം രാത്രിയിലെ മിന്നല്‍ സന്ദര്‍ശനത്തിനു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

സന്ദര്‍ശനസമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലുംനിന്ന് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ യോഗം വിളിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ഡ്യൂട്ടി ചെയ്യാതെ മാറിനില്‍ക്കുന്നവരുടെ കാര്യത്തില്‍ കാരണം വിശദമാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. ഇവര്‍ ഡ്യൂട്ടി ചെയ്യാതെ വന്നാല്‍ കര്‍ശന നടപടിയും സ്വീകരിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ വരെയുള്ളവര്‍ കൃത്യമായും ഡ്യൂട്ടി സമയം കാഷ്യാലിറ്റികളിലും വാര്‍ഡുകളിലും ഉണ്ടാകണം. ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് എതിരേയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News