ഉത്തർപ്രദേശിൽ ബിഎസ്പിക്കും ബിജെപിക്കും തിരിച്ചടി; ഏഴ് എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

ഉത്തർ പ്രദേശിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി വെച്ച് അഖിലേഷ് യാദവിൻ്റെ നീക്കം. ആറ് ബി എസ് പി എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. അമിത് ഷായുടെ യുപി സന്ദർശനത്തിന് പിന്നാലെ ആണ് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ പാർട്ടി വിട്ടത്.

മായാവതിയുമായി ഉള്ള അഭിപ്രായ ഭിന്നതകൾക്ക് ഇടയിലാണ് ആറ് ബിഎസ്പി എംഎൽഎമാർ പാർട്ടി വിട്ടത്. ഹർഗോവിന്ദ് ഭാർഗവ, അസ്ലം റൈനി, സുഷമ പാട്ടീൽ, അസ്ലം ചൗധരി എന്നിവർ ഉൾപ്പടെയുള്ള ആറ് എംഎൽഎമാരെ സമാജ്‌വാദി പാർട്ടിയിൽ എത്തിക്കാൻ കഴിഞ്ഞത് അഖിലേഷ് യാദവിൻ്റെ നിർണായക നീക്കമാണ്.

അതേസമയം, ആറ് വിമത എംഎൽഎമാരും പാർട്ടിവിട്ടേക്കും എന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ഇതിൻ്റെ പാശ്ചാത്തലത്തിൽ ആണ് ഇവരുമായി സമാജ്‌വാദി പാർട്ടി നേതൃത്വം ചർച്ച നടത്തിയത്. ബിജെപിക്കും ഉത്തർപ്രദേശിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ആയ രാകേഷ് റാത്തോർ ആണ് ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശ് സന്ദർശനം നടത്തിയതിന് പിന്നാലെ ആണ് പാർട്ടിയുടെ എംഎൽഎ സമാജ്‌വാദി പാളയത്തിൽ എത്തുന്നത്.

സർക്കാരിനെ വിമർശിച്ചാൽ തനിക്ക് രാജ്യദ്രോഹി പട്ടം കിട്ടുമോ എന്ന് ഭയക്കുന്നതായി ഉള്ള രാകേഷ് റാത്തോറിൻ്റെ പ്രസ്താവന നേരത്തെ ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂടുതൽ നേതാക്കൾ സമാജ്‌വാദി പാർട്ടിയിലേക്ക് എത്തുന്നത് തുടർഭരണം സ്വപ്നം കാണുന്ന യോഗി സർക്കാരിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഖിലേഷ് യാദവിൻ്റെ വിജയത്തിനായി താൻ രംഗത്ത് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം ലല്ലു പ്രസാദ് യാദവും പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here