ADVERTISEMENT
ട്വന്റി -20 പുരുഷ ലോകകപ്പിലെ സൂപ്പർ-12 ൽ ടീം ഇന്ത്യയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം. രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലണ്ടാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും എതിരാളി.
സൂപ്പർ ട്വൽവിൽ പാകിസ്ഥാനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും കര കയറിയ ടീം ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടത്തിന്റെ ദിനമാണ്. പ്രധാന ടൂർണമെൻറുകളിലൊക്കെ ഇന്ത്യക്ക് വഴി മുടക്കികളാകാറുള്ള ന്യൂസിലണ്ടാണ് എതിരാളി.
ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്ന് വിജയങ്ങളുമായി പാകിസ്ഥാൻ സെമി ബർത്ത് ഉറപ്പിച്ച സ്ഥിതിക്ക് രണ്ടാം സ്ഥാനത്തേക്കുള്ള തീപ്പാറും ത്രില്ലറാണ് ദുബൈ സ്‌റ്റേഡിയത്തിൽ നടക്കുക. കടലാസിലെ കണക്കുകളിൽ നേട്ടം കീവീസിനാണ്. ഐ സി സി ടൂർണമെൻറിൽ കഴിഞ്ഞ 5 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ നാല് തവണയും ബ്ലാക്ക് ക്യാപ്സിനായിരുന്നു ജയം. 2003 ഏകദിന ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ജയിച്ചത്.
ട്വൻറി – 20 ക്രിക്കറ്റിൽ ഇരുടീമുകളും 16 തവണ മുഖാമുഖം വന്നതിൽ 8 മത്സരങ്ങളിൽ ന്യൂസിലണ്ടും ആറിൽ ഇന്ത്യയും ജയിച്ചു. സ്ഥിരതയില്ലാത്ത ബാറ്റിംഗാണ് ഇന്ത്യൻ ടീമിന്റെ ദൗർബല്യം. ബോളിംഗിലും ഫീൽഡിംഗിലും പോരായ്മകൾ ഏറെ. പാകിസ്ഥാനെതിരെ തോറ്റ ടീമിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാകും ടീം ഇന്ത്യ ഇറങ്ങുക.
അതേസമയം, –0.973 നെറ്റ്‍റൺറേറ്റിൽ ഗ്രൂപ്പ് രണ്ടിൽ ന്യൂസിലണ്ടിനും പിന്നിലാണ് ഇന്ത്യ. ഭേദപ്പെട്ട പ്രകടനമാണ് കീവീസ് പുറത്തെടുക്കുന്നത്. ബോളിംഗ് നിരയും ശക്തമാണ്. കെയ്ൻ വില്യംസണിന്റെ ക്യാപ്ടൻസിയും ടീമിന് മാനസിക മേൽക്കൈ നൽകുന്നുണ്ട്. ഒരൊറ്റ തോൽവി പോലും പുറത്തേക്കുള്ള വഴിയൊരുക്കുമെന്നതിനാൽ വിജയിക്കാനുറച്ച് തന്നെയാണ് ടീം ഇന്ത്യയും ന്യൂസിലണ്ടും പോരിനിറങ്ങുക. ഏതായാലും ദുബൈ സ്റ്റേഡിയം വേദിയാകാൻ ഒരുങ്ങുന്നത് ടൂർണമെന്റിലെ തന്നെ ക്ലാസിക് ത്രില്ലറിനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.