ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; മന്ത്രി കെ.രാധാകൃഷ്ണൻ

ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുൻപായി ബന്ധപ്പെട്ട വകുപ്പുതല പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങളും, വിവിധ വകുപ്പുകൾ കൂടിചേർന്ന് ചെയ്യേണ്ട കാര്യങ്ങൾളും ആക്ഷൻ പ്ലാൻ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനു മുൻപായി പൂർത്തീകരിക്കണം.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനിൽക്കുന്നതിനാലാണ് ഇത്തവണയും ദർശനം വെർച്വൽ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25,000 പേർ ദിവസേന വെർച്ച്വൽ ക്യൂവിലൂടെ ദർശനം നടത്തും. 15.25 ലക്ഷം വെർച്വൽ ക്യൂ ബുക്കിംഗിന് അനുമതി നൽകിയിട്ടുള്ളതിൽ പത്തു ലക്ഷത്തിലധികം പേർ ഇതു വരെ ബുക്ക് ചെയ്തു കഴിഞ്ഞു. കൊവിഡ് സാഹചര്യത്തിൽ ആവശ്യമായ നിയന്ത്രണം പാലിച്ചില്ലായെങ്കിൽ വരാൻ പോകുന്ന ദുരന്തം വളരെ വലുതായിരിക്കും.എന്നാൽ സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങൾക്ക് തടസമാവരുത്.

അതേസമയം, സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സാധ്യമായ ഫണ്ടുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 185 കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ദേവസ്വം ബോർഡിന് നൽകിയത്. ഇതര സംസ്ഥാനത്തു നിന്നു വരുന്ന ഭക്തർക്കായി ഏഴ് ഇടത്താവളങ്ങൾ സ്ഥാപിക്കും. ഇവ 150 കോടി രൂപ മുതൽ മുടക്കിലാണ് നിർമിക്കുക. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഈ തീർഥാടന കാലത്ത് 470 കെഎസ്ആർടിസി ബസുകൾ ശബരിമലയിലേക്ക് സർവീസ് നടത്തും. ഇതിൽ 140 ബസുകൾ നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് നടത്തും. 100 ഓർഡിനറി ബസുകളും 40 എസി ബസുകളുമാണ് സർവീസ് നടത്തുക.

നിലയ്ക്കലിൽ ആരോഗ്യ വകുപ്പ് കൊവിഡ് ടെസ്റ്റ് കേന്ദ്രം സ്ഥാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശബരിമല ആശുപത്രികൾ പ്രവർത്തിക്കും. അഞ്ച് എമർജൻസി മെഡിക്കൽ സെന്ററുകളും സ്ഥാപിക്കും. പുനലൂർ – മൂവാറ്റുപുഴ റോഡിൽ തീർഥാടകർക്ക് തടസം സൃഷ്ടിക്കാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തും. തീർഥാടന കാലത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശബരിമല റോഡുകൾ സഞ്ചാരയോഗ്യമാക്കും. ദക്ഷിണേന്ത്യയിലെ ചീഫ് സെക്രട്ടറിമാരുമായും ദേവസ്വം മന്ത്രിമാരുമായും ചർച്ച നടത്തി സംസ്ഥാനം എങ്ങനെയാണ് മണ്ഡലകാലത്ത് പ്രവർത്തിക്കുക എന്ന് ബോധ്യപ്പെടുത്തും. ദുരന്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് സിവിൽ ഡിഫൻസിനെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ്‌കുമാർ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ.എസ്. രവി, പി.എം. തങ്കപ്പൻ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ദേവസ്വംബോർഡ് ചീഫ് എഞ്ചിനീയർ ജി.കൃഷ്ണകുമാർ, ശബരിമല എക്സിക്യുട്ടീവ് എൻജിനീയർ അജിത്ത് കുമാർ, അഡീഷണൽ സെക്രട്ടറി (റവന്യൂ) ടി.ആർ. ജയപാൽ, നഗരസഭാ ചെയർപേഴ്‌സൺമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News