138 അടിയിലേക്ക് ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാകാതെ തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലം ഒഴുക്കി തുടങ്ങിയതോടെയാണ് ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത്. എന്നാല്‍ റൂള്‍ കര്‍വ്വ് അളവായ 138 അടിയിലേക്ക് ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാകാത്ത തമിഴ്‌നാടിന്റെ നടപടി ഗൗരവത്തോടെയാണ് കേരളം കാണുന്നത്.

ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. മന്ത്രിമാരായ റോഷി അഗസ്റ്റ്യനും പി പ്രസാദും അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറ് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കാര്യമായി കുറഞ്ഞില്ല.

റൂള്‍ കര്‍വ്വ് പ്രകാരം അനുവദനീയ ജലനിരപ്പായ 138 അടിയിലേക്ക് എത്തിക്കാന്‍ തമിഴ്‌നാടിനായില്ല അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതാണ് കാരണം. സെക്കന്റില്‍ അയ്യായിരത്തോളം ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി.

6 ഷട്ടറുകളിലൂടെയും , ടണലിലൂടെയും അയ്യായിരത്തിലധികം ഘനയടി ജലം തുറന്ന് വിട്ടെങ്കിലും ജലനിരപ്പ് കാര്യമായി കുറയാത്തതിന് കാരണം വര്‍ദ്ധിച്ച നീരൊഴുക്കാണ്. ജലനിരപ്പ് 138 അടിയിലേക്ക് താഴ്ത്താന്‍ തമിഴ്‌നാട് തയ്യാറാകാത്തത് കേരളം ഗൗരവത്തോടെയാണ് കാണുന്നത്.

കേന്ദ്ര ജല കമ്മീഷനെയും മേല്‍നോട്ട സമിതിയെയും രേഖാമൂലം ഇക്കാര്യം കേരളം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയെയും ഇക്കാര്യം അറിയിക്കുമെന്ന് അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. പെരിയാറില്‍ ഒരു മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും ജനവാസ മേഖലകളെ ബാധിക്കാത്തത് ആശ്വാസമായി.

കൂടുതല്‍ വെള്ളം തുറന്നു വിട്ടാലും പെരിയാര്‍ തീരം സുരക്ഷിതമായിരിക്കുമെന്നും , എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതിനിടെ നാളെ മുതല്‍ 139.5 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും. റൂള്‍ കര്‍വ്വ് പ്രകാരം നവംബര്‍ 10 വരെ സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന ജലനിരപ്പാണിത് . അതിനാല്‍ തന്നെ ഇപ്പോള്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ ഒന്നൊന്നായി അടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here