“മകന് ജാമ്യം ലഭിച്ചതില്‍ സന്തോഷം; ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല”: കോടിയേരി ബാലകൃഷ്ണന്‍

ഇ ഡി കേസില്‍ ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി നാട്ടില്‍ തിരികെയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍.

‘ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല… കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്’. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇ ഡി കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിനും ഒരു ദിവസത്തിനും ശേഷം ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. 2020 ഒക്ടോബര്‍ 29നാണ് ലഹരിക്കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ ഡി ബിനീഷിനെ അറസ്റ്റുചെയ്യുന്നത്.

ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്.

ഇ ഡിയ്‌ക്കോ നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ ബ്യൂറോക്കോ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ അന്വേഷണ ഏജന്‍സിയുടെ ശക്തമായ എതിര്‍പ്പ് പരിഗണിക്കാതെയാണ് കര്‍ണ്ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം നല്‍കിയത്.

വിചാരണകോടതിയില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിക്കുകയായിരുന്നു.

അതേസമയം ഭീഷണിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ് താന്‍ ജയിലില്‍ കിടക്കേണ്ടി വന്നതെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

‘കോടതിയോട് നന്ദി പറയുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം’. ബിനീഷ് കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News