അജയ് മിശ്രയുമായി വേദി പങ്കിട്ട് അമിത് ഷാ; പ്രതിഷേധവുമായി പ്രതിപക്ഷം

ലഖിംപുർ കൂട്ടക്കൊലയിൽ പ്രതിസ്ഥാനത്തുള്ള അജയ് മിശ്രയുമായി വേദി പങ്കിട്ട് അമിത് ഷാ. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഉത്തർപ്രദേശിൽ ക്രിമിനലുകൾ കുറഞ്ഞു വെന്ന അമിത് ഷായുടെ പരാമർശത്തെ പരിഹസിച്ച് അഖിലേഷ് യാദവ് ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തി.

ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ബിജെപി പരിപാടിയി‍ൽ ലഖിംപുർ ഖേരി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സഹമന്ത്രി അജയ് മിശ്ര പങ്കെടുത്തതാണ് വിവാദമായത്. കഴിഞ്ഞ ദിവസം മേരാ പരിവാർ, ബിജെപി പരിവാർ ക്യാംപെയിന്റെ ഉദ്ഘാടനത്തിലാണ് അമിത് ഷായ്ക്കൊപ്പം അജയ് മിശ്ര വേദി പങ്കിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ ഉയർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിൽ പ്രസംഗിക്കവേ കൈകൾ ബൈനോക്കുലർ പോലെ വച്ച്, ഇതിലൂടെ നോക്കുമ്പോൾ യുപിയിൽ ഒരു ക്രിമിനലിനെയും ഗുണ്ടാത്തലവനെയും കാണുന്നില്ലെന്ന് ഷാ പറഞ്ഞിരുന്നു. 2017നു മുൻപ് യുപിയിൽ അതായിരുന്നില്ല സ്ഥിതിയെന്നും അക്രമികൾക്കെതിരെ യോഗി ആദിത്യനാഥ് കർശനമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമാണിതെന്നും അമിത് ഷാ പറഞ്ഞു.എന്നാൽ ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്തതിന് ഗൂഢാലോചന നടത്തിയ ആളാണ് ഷായുടെ തൊട്ടടുത്തു നിൽക്കുന്നതെന്നും ബൈനോക്കുലർ ശരിക്കു വച്ചു നോക്കിയാൽ ഉന്നാവ് സംഭവവും ജയിലിൽ കിടക്കുന്ന കുൽദീപ് സെൻഗാറിനെയും കാണാമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ വിമർശിച്ചു.

അമിത് ഷായ്ക്കൊപ്പം അജയ് മിശ്ര നിൽക്കുന്ന പടം ട്വീറ്റ് ചെയ്ത് ഗുണ്ടാത്തലവനെ ചാരിനിന്ന് അയാളെ കണ്ടെത്താൻ ബൈനോക്കുലർ വച്ചു നോക്കുന്നുവെന്ന് പരിഹസിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here