വീണ്ടും മെസ്സിയെ മറികടന്ന് റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും പരസ്​പരം റെക്കോഡുകൾ ഭേദിക്കാറുണ്ട്​. എന്നാൽ അധികവും അത്​ കളിക്കളത്തിലെ കണക്കുകളിലാകും. എന്നാൽ ഇപ്പോൾ ലയണൽ മെസ്സി സമൂഹ മാധ്യമങ്ങളിൽ കുറിച്ച ഒരു റെക്കോഡ്​ കൂടി മറികടന്നിരിക്കുകയാണ്​ റൊണാൾഡോ. ഏറ്റവും കുടുതൽ ലൈക്ക്​ ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്​ പങ്കുവെച്ച കായിക താരമായി റൊണാൾഡോ മാറി.

ആഗസ്റ്റിൽ സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിൽ നിന്ന്​ പാരീസ്​ സെന്‍റ്​ ജെർമെയ്​നിലേക്ക്​ കൂടുമാറിയതിന്​ പിന്നാലെ നിരവധി ചിത്രങ്ങൾ മെസ്സി ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. അവയിൽ പലതും വൈറലായി മാറിയിരുന്നു.

ഹോംഗ്രൗണ്ടായ പാർക്​ ഡി പ്രിൻസസിൽ ഭാര്യ ആന്‍റേനെല്ലക്കും മക്കൾക്കുമൊപ്പം പി.എസ്​.ജി ജഴ്​സിയണിഞ്ഞ്​ നിൽക്കുന്ന മെസ്സിയുടെ ചിത്രത്തിന്​ 22 ദശലക്ഷമാളുകളാണ്​ ലൈക്കടിച്ചത്​. പി.എസ്​.ജിയിൽ എത്തി മെഡിക്കൽ പരിശോധന നടത്തുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതടക്കം 10 ചിത്രങ്ങൾ പോസ്റ്റിനോടൊപ്പമുണ്ടായിരുന്നു. ജൂലൈയിൽ കോപ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രം (21.9 ദശലക്ഷം ലൈക്കുകൾ), ബാഴ്​സ വിടുന്ന പ്രഖ്യാപനം (21.2 ദശലക്ഷം) എന്നീ പോസ്റ്റുകളിലൂടെ മെസ്സി തന്നെയായിരുന്നു മുമ്പ്​ റെക്കോഡ്​ അലങ്കരിച്ചിരുന്നത്​.

വ്യാഴാഴ്ചയാണ്​ താനും പങ്കാളി ജോർജിന റോഡ്രിഗസും ഇരട്ടക്കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നതായി റൊണാൾഡോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത് ​.തൻ്റെയും ജോർജിനയുടെയും ചിത്രവും അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ ചിത്രവും റൊണാൾഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 26 ദശലക്ഷമാളുകളാണ്​ പോസ്റ്റിന്​ ലൈക്കടിച്ചത്​. ​തന്‍റെ മറ്റ്​ നാല്​ കുഞ്ഞുങ്ങൾക്കൊപ്പം നീന്തൽ കുളത്തിൽ നിന്നെടുത്ത മറ്റൊരു ചിത്രവും പോസ്റ്റിലുണ്ടായിരുന്നു.

“ഞങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന വാർത്ത സസന്തോഷം പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെ അധികകാലം കാത്തിരിക്കാൻ വയ്യ”- റൊണാൾഡോ കുറിച്ചു. നാല് കുട്ടികൾക്കൊപ്പം സ്വിമ്മിങ്പൂളിൽ ഉല്ലസിക്കുന്ന ചിത്രവും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

റൊണാൾഡോക്കും ജോർജിനക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാൾഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരൻ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ അമ്മ ആരാണെന്ന് റൊണാൾഡോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇവയും മറ്റിയോയും 2017ൽ കൃത്രിമ ഗർഭധാരണത്തിലൂടെയാണ് ജനിച്ചത്.

അർജൻറീനക്കാരിയും സ്പാനിഷ് മോഡലുമായ ജോർജിനയും റൊണാൾഡോയും 2016 മുതൽ ഒരുമിച്ചാണ് താമസം. മാഡ്രിഡിലെ ഗുച്ചി സ്‌റ്റോറിലെ ഷോപ്പ് അസിസ്റ്റൻറായിരുന്ന ജോർജിനയുമായി റൊണാൾഡോ പ്രണയത്തിലാകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News