യൂത്ത് കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് കെ സുധാകരന്‍; ” യുവാക്കള്‍ ഡിവൈഎഫ്‌ഐക്കൊപ്പം പോയാല്‍ കുറ്റം പറയാനാകില്ല “

മനുഷ്യരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് ഡിവൈഎഫ്ഐയില്‍ നിന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ പഠിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അന്നവും മരുന്നും ആശ്വാസവുമായി കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലുമെത്താന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനവുമായി ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന് ശോഭിക്കാനായില്ല.

യൂത്ത് കോണ്‍ഗ്രസിന്റെ കേഡര്‍മാര്‍ക്കുള്ള മേഖലാ യോഗം കോ‍ഴിക്കോട് ഉദ്ഘാടനം ചെയ്തായിരുന്നു സുധാകരന്റെ ഉപദേശം. അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിച്ചിട്ടൊന്നുമല്ല മിക്കവരും കമ്യൂണിസ്റ്റുകാരാവുന്നത്. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിട്ടാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതു വഴി ഡിവൈഎഫ്ഐയുടെ സ്വീകാര്യത വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. യുവാക്കള്‍ അവരുടെ കൂടെ പോയാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

46 ശതമാനം ബൂത്ത് കമ്മിറ്റികളും നിര്‍ജീവമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയാണ് പാര്‍ട്ടിയെ ഇത്രയും ക്ഷീണിപ്പിച്ചത്. മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെപ്പോലും കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് മടിയില്ലാത്തവരായി പ്രവര്‍ത്തകര്‍ മാറിയിട്ടുണ്ട്.

കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്ന് 1000യുവാക്കളെ പങ്കെടുപ്പിക്കാനായിരുന്നു കെപിസിസി ആവശ്യപ്പെട്ടത്. എന്നാല്‍ 304 പേരാണ് ഡിസിസിയില്‍ നടന്ന പരിപാടിക്കെത്തിയത്. പങ്കാളിത്തം കുറഞ്ഞതിന് ചടങ്ങിലെ അധ്യക്ഷന്‍കൂടിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയെ സുധാകരന്‍ പരസ്യമായി ശാസിച്ചു.

യുവജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന യൂത്ത് കോണഗ്രസ് ഭാരവാഹികളുടെ പ്രതികരണത്തിന് യൂത്ത് കോണ്‍ഗ്രസുകാരെ കെപിസിസി ഭാരവാഹിത്വം ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുധാകരന് മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here